| Thursday, 15th June 2023, 5:56 pm

ശരീരവുമായി യുദ്ധം നടത്തിയ, പ്രൊഫഷണലി പരാജയമായ ഒരു വര്‍ഷം; വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മയോസൈറ്റിസ് രോഗനിര്‍ണയത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം വികാരനിര്‍ഭരമായ കുറിപ്പുമായി സാമന്ത. ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍ ചെയ്ത, പ്രൊഫഷണലി പരാജയപ്പെട്ട ഒരു വര്‍ഷമാണ് കടന്നുപോയതെന്ന് സാമന്ത പറഞ്ഞു. ചില സമയങ്ങളില്‍ വലിയ വിജയങ്ങളുണ്ടായില്ലെങ്കിലും മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണെന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘രോഗനിര്‍ണയം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. നിര്‍ബന്ധിതമായ ന്യൂ നോര്‍മലിന്റെ ഒരു വര്‍ഷം. എന്റെ ശരീരവുമായി ഒരുപാട് യുദ്ധങ്ങള്‍. ഉപ്പോ പഞ്ചസാരയോ ധാന്യങ്ങളോ ഇല്ലാത്ത മരുന്നുകളുടെ കോക്ടെയ്ല്‍, നിര്‍ബന്ധിത അടച്ചുപൂട്ടല്‍, നിര്‍ബന്ധിതമായുള്ള പുനരാരംഭം. അര്‍ത്ഥവും പ്രതിഫലനവും ആത്മപരിശോധനയും തിരഞ്ഞ ഒരു വര്‍ഷം, പ്രൊഫഷണലി പരാജയപ്പെട്ട ഒരു വര്‍ഷം.

പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഒരു വര്‍ഷം, അനുഗ്രഹങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും വേണ്ടിയല്ല, ശക്തിയും സമാധാനവും കണ്ടെത്താനുള്ള പ്രാര്‍ത്ഥന. എല്ലാം എല്ലായ്‌പ്പോഴും നിങ്ങളുടെ വഴിക്ക് പോകുന്നില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു വര്‍ഷം. അതിലും പ്രധാനപ്പെട്ടത്, അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല.

നിയന്ത്രിക്കാവുന്നവയെ നിയന്ത്രിക്കണം, ബാക്കിയുള്ളവ ഉപേക്ഷിക്കണം ഓരോ പടിയും മുന്നോട്ട് നീങ്ങണം. വലിയ വിജയങ്ങളല്ല, മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്. കാര്യങ്ങള്‍ വീണ്ടും പൂര്‍ണമാകുന്നതുവരെ കാത്തിരിക്കരുത്, ഭൂതകാലത്തില് മുഴുകിയിരിക്കരുത്. സ്‌നേഹത്തോടും എന്നെ സ്‌നേഹിക്കുന്നവരോടും ഇഴുകിച്ചേരണം. വെറുപ്പിനെ എന്നെ ബാധിക്കാന്‍ അനുവദിക്കരുത്.

നിങ്ങളില്‍ പലരും എന്നെക്കാളും വളരെ കഠിനമായ പോരാട്ടങ്ങള്‍ നടത്തുന്നുണ്ടെന്നറിയാം. നിങ്ങള്‍ക്കായി ഞാനും പ്രാര്‍ത്ഥിക്കും. ഫലം തരാന്‍ വൈകിയേക്കാം, പക്ഷേ ദൈവങ്ങള്‍ ഒരിക്കലും അത് നിഷേധിക്കില്ല. സമാധാനം, സ്‌നേഹം, സന്തോഷം, ശക്തി എന്നിവ തേടുന്നവര്‍ക്ക് അവര്‍ ഒരിക്കലും അതൊന്നും നിഷേധിക്കുന്നില്ല,’ സാമന്ത കുറിച്ചു.

Content Highlight: Samantha’s emotional post one year after diagnosis

We use cookies to give you the best possible experience. Learn more