Entertainment
ഇനി ചെയ്യുന്ന സിനിമകളെല്ലാം എന്റെ ജീവിതത്തില്‍ അവസാനമായി ചെയ്യുന്നതുപോലെ ആയിരിക്കും: സമന്ത റൂത്ത് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 05:14 pm
Thursday, 23rd January 2025, 10:44 pm

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ കൂടുതല്‍ തമിഴ് ചിത്രങ്ങളില്‍ ഒപ്പിടാത്തതെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ താന്‍ ഇപ്പോള്‍ ജീവിതത്തില്‍ ചെയ്യുന്ന സിനിമകള്‍ തന്റെ അവസാനത്തെ ചിത്രം പോലെ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന സ്റ്റേജില്‍ ആണെന്ന് സാമന്ത പറയുന്നു.

എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെന്ന എഫക്ട് തോന്നണമെന്നും ഒരു കഥ കേള്‍ക്കുമ്പോള്‍ നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ താന്‍ അത് ചെയ്യുകയുള്ളുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് സിനിമകള്‍ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ ജീവിതത്തില്‍ ചെയ്യുന്ന എല്ലാ സിനിമകളും എന്റെ അവസാനത്തെ സിനിമ പോലെ ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുന്ന സമയമാണ്. അതുകൊണ്ടുതന്നെ ഞാന്‍ ഇനി ഒരു സിനിമ ചെയ്യുമ്പോള്‍ ആ ഒരു എഫക്ട് ഉണ്ടാകണം. ഒരു കഥ കേള്‍ക്കുമ്പോള്‍ നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അത് ചെയ്യുകയുള്ളൂ.

ഫാമിലി മാനില്‍ എനിക്ക് ഇതിന് മുമ്പ് ചെയ്യാന്‍ കഴിയാത്ത കുറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട്. അതുപോലെതന്നെയാണ് Citadel: Honey Bunny യും. അതിലും ഞാന്‍ മുമ്പ് ചെയ്യാത്ത തരം കഥാപാത്രമാണ്.

രാഖ്ത് ബ്രഹ്‌മാന്‍ഡിലും അങ്ങനെയാണ്. അധികം ആഗ്രഹിക്കുന്നതില്‍ നല്ല രീതിയില്‍ എന്നെ സ്പോയില്‍ ചെയ്തത് അവരെല്ലാമാണ്. എല്ലാ ദിവസവും ഞാന്‍ ജോലിക്ക് പോകുകയാണെങ്കില്‍ ഒരു അഭിനേതാവ് എന്ന രീതിയില്‍ ചെയ്യാന്‍ ഒരുപാടുള്ള കഥാപാത്രം ലഭിക്കുന്നതില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്,’ സമന്താ റൂത്ത് പ്രഭു പറയുന്നു.

Content highlight: Samantha Ruth Prabhu reveals why she isn’t signing more Tamil films