| Tuesday, 8th November 2022, 2:22 pm

എന്റെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു ചില തലക്കെട്ടുകള്‍, ഞാന്‍ മരിച്ചിട്ടില്ല; കണ്ണ് നിറഞ്ഞ് സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടെയാണ് താന്‍ മയോസൈറ്റിസ് രോഗബാധിതയാണെന്ന വിവരം തെന്നിന്ത്യന്‍ താരം സാമന്ത സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന മയോസൈറ്റിസ് തന്നെ ബാധിച്ചതെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയാണ് സാമന്ത പറഞ്ഞത്.

രോഗാവസ്ഥ പങ്കുവെച്ചതിന് ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുകയാണ് സാമന്ത. തന്റെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു ചില ലേഖനങ്ങളില്‍ വന്ന തലക്കെട്ടെന്നും താന്‍ മരിച്ചിട്ടില്ലെന്നും സാമന്ത പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ യശോദയുടെ പ്രൊമോഷന്റെ ഭാഗമായി ശ്രീദേവി മൂവിസിന്റെ യൂട്യൂബ് ചാനലില്‍ വന്ന അഭിമുഖത്തിനിടയ്ക്ക് സാമന്ത കണ്ണുകള്‍ നിറഞ്ഞ് സംസാരിക്കുന്നുണ്ട്.

‘എന്റെ പോസ്റ്റില്‍ പറഞ്ഞതുപോലെ ചില ദിവസങ്ങള്‍ നല്ലതായിരുന്നു. ചിലത് മോശമായിരുന്നു. ചില ദിവസങ്ങളില്‍ ഒരു ചുവട് വെക്കുന്നത് പോലും വളരെയധികം ബുദ്ധിമുട്ടായി തോന്നി. എന്നാല്‍ ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് ദൂരം പിന്നിട്ടുണ്ട് ഞാന്‍. പോരാടാനാണ് ഞാന്‍ വന്നത്.

ഒരു കാര്യം വ്യക്തമാക്കാനാഗ്രഹിക്കുന്നു. എന്റെ ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ നിരവധി ലേഖനങ്ങള്‍ കണ്ടു. ജീവന്‍ പോകുന്ന അവസ്ഥയിലൊന്നുമല്ല ഞാന്‍. ഞാന്‍ മരിച്ചിട്ടില്ല. ഇതുപോലെയുള്ള തലക്കെട്ടുകള്‍ അനാവശ്യമാണ്. ഇതൊരു രോഗാവസ്ഥയാണ്. അതെന്നെ ഒരുപാട് തളര്‍ത്തുന്നുണ്ട്. ഞാനൊരു പോരാളിയാണ്. ഇനിയും പോരാടും.

ഈ സമയങ്ങളെല്ലാം എന്തെങ്കിലും ചെയ്യാനായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുകയാണ്. അതൊരു ഇരുണ്ട ഘട്ടമായിരുന്നു. ഉയര്‍ന്ന അളവിലുള്ള മരുന്നുകളും ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള നിലക്കാത്ത യാത്രകളും. എല്ലാ ദിവസവും പ്രൊഡക്ടീവാകാതിരുന്നാലും പ്രശ്‌നമൊന്നുമില്ല. ചില സമയത്ത് പരാജയപ്പെടാം. എല്ലായ്‌പ്പോഴും മികച്ച സമയമായിരിക്കണമെന്നില്ല. നിങ്ങള്‍ ദുര്‍ബലരാകാം, രോഗികളാകാം. എന്നാല്‍ ഇതൊന്നും വലിയ പ്രശ്‌നമല്ല,’ സാമന്ത പറഞ്ഞു.

നവബര്‍ 11നാണ് യശോദ റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരമായ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

Content Highlight: Samantha opens up about her struggles after sharing her illness

Latest Stories

We use cookies to give you the best possible experience. Learn more