| Thursday, 9th May 2024, 6:42 pm

ഡോറയായി സമാന്ത; സോള്‍ ഡൊറാഡോയുടെ നിധിക്കായി ബാക്ക്പാക്കുമിട്ട് ഡോറയെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിക്കലോഡിയന്‍ സ്റ്റുഡിയോയുടെ ഡോറ ദി എക്സ്പ്ലോററിന്റെ പുതിയ ലൈവ്-ആക്ഷന്‍ ചിത്രം വരുന്നുവെന്ന വാര്‍ത്ത മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന് ‘ഡോറ, സെര്‍ച്ച് ഫോര്‍ സോള്‍ ഡൊറാഡോ’ എന്നായിരുന്നു താത്കാലികമായി നല്‍കിയിരുന്ന പേര്.

ഡോറയും സുഹൃത്തുക്കളും സോള്‍ ഡൊറാഡോയുടെ നിധി ശത്രുക്കളുടെ കൈകളില്‍ നിന്ന് സംരക്ഷിക്കാനായി ആമസോണ്‍ കാടിലൂടെ സഞ്ചരിക്കുന്നതും അവര്‍ക്ക് അവിടുന്ന് നേരിടേണ്ടി വരുന്ന അപകടങ്ങളും മറ്റുമാണ് ‘ഡോറ, സെര്‍ച്ച് ഫോര്‍ സോള്‍ ഡൊറാഡോ’ പറയുന്നത്.

പാരാമൗണ്ട് പ്ലസും നിക്കലോഡിയണും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആല്‍ബെര്‍ട്ടോ ബെല്ലിയാണ്. ഡിസ്‌നി പ്ലസ് ഹോളിഡേക്ക് വേണ്ടി ‘ദി നോട്ടി നൈന്‍’ പോലെയുള്ള സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് അദ്ദേഹം.

ഇപ്പോള്‍ സിനിമയില്‍ ടൈറ്റില്‍ റോളിലേക്ക് എത്തുന്ന നായിക ആരാണെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. സമാന്ത ലോറെയ്‌നാണ് ചിത്രത്തില്‍ ഡോറയായി എത്തുന്നത്. 2020ല്‍ പുറത്തിറങ്ങിയ ‘കിഡ് സ്റ്റ്യൂ’ എന്ന സീരീസിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് സമാന്ത.

‘ദി വാക്കിങ് ഡെഡ്: വേള്‍ഡ് ബിയോണ്ട്’ സീരീസില്‍ അഭിനയിച്ച താരം ‘യു ആര്‍ സോ നോട്ട് ഇന്‍വിറ്റെഡ് ടു മൈ ബാറ്റ് മിറ്റ്സ്വ’ എന്ന ചിത്രത്തിലെ ലിഡിയ എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ പ്രശസ്തയായത്. സമാന്ത ലോറെയ്‌ന് പുറമെ ‘ഡോറ, സെര്‍ച്ച് ഫോര്‍ സോള്‍ ഡൊറാഡോ’ എന്ന സിനിമയുടെ ഭാഗമാകുന്ന താരങ്ങള്‍ ആരാകുമെന്ന് ഇതുവരെ പുറത്തുവിട്ടില്ല.

അതേസമയം, 2000ല്‍ പുറത്തിറങ്ങി ലോങ് റണ്ണിങ്ങ് ആനിമേറ്റഡ് ചില്‍ഡ്രന്‍സ് ഷോയായി മാറിയ ഡോറ ഇത് രണ്ടാം തവണയാണ് ലൈവ്-ആക്ഷന്‍ ചിത്രമാകുന്നത്. 2019ല്‍ തിയേറ്ററിലെത്തിയ ‘ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ ആയിരുന്നു ഡോറയുടെ ആദ്യ ലൈവ്-ആക്ഷന്‍ ചിത്രം.

ഇസബെല മോണറായിരുന്നു ചിത്രത്തില്‍ ഡോറയായി എത്തിയത്. ജെയിംസ് ബോബിന്‍ സംവിധാനം ചെയ്ത ‘ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്’ 49 മില്യണ്‍ ഡോളറിന്റെ ബജറ്റില്‍ ഒരുങ്ങി ലോകമെമ്പാടും നിന്നായി 120 മില്യണ്‍ ഡോളറായിരുന്നു നേടിയത്.

Content Highlight: Samantha Lorraine Cast As Dora In Dora Explorer Live Action Movie

We use cookies to give you the best possible experience. Learn more