വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പൊതുസമൂഹത്തിന്റെ, സ്ത്രീകളെ പറ്റിയുള്ള വിലയിരുത്തലുകള്‍ക്കെതിരെ താരം വിമര്‍ശനമുന്നയിച്ചത്.
സ്ത്രീകളെ അവര്‍ എന്താണ് ധരിക്കുന്നത്, അവരുടെ വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം എന്നിങ്ങനെ വിലയിരുത്താന്‍ സാധിക്കുന്ന ഘടകങ്ങളുടെ ലിസ്റ്റ് നീളുകയാണെന്ന് താരം കുറിക്കുന്നു.
ഇപ്പോഴെങ്കിലും സ്ത്രീകളെ അവരുടെ ഹെംലിന്‍സിന്റേയും നെക്‌ലൈന്‍സിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്താതെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമന്ത സ്റ്റോറിയിലൂടെ ആവശ്യപ്പെടുന്നു.
മാര്‍ച്ച് 10ന് മുംബൈയിലെ ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ താരം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ സാമന്ത ധരിച്ച പച്ച നിറത്തിലുള്ള ഗൗണിനെതിരെ സദാചാര വാദികള്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ കമന്റുകള്‍ നടത്തിയിരുന്നു. അവര്‍ക്കെതിരായുള്ള മറുപടി എന്ന നിലയില്‍ കൂടിയാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാമന്തയുടെ പോസ്റ്റ്
ഒരു സ്ത്രീയെന്ന നിലയില്‍ വിധിക്കപ്പെടുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്ക് അറിയാം. സ്ത്രീകളെ പല തരത്തില്‍ വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, അവരുടെ വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്. വസ്ത്രത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണ്.
ഇത് 2022 ആണ്. ഇപ്പോഴെങ്കിലും സ്ത്രീകളെ അവരുടെ ഹെംലിന്‍സിന്റേയും നെക്‌ലൈന്‍സിന്റേയും അടിസ്ഥാനത്തില്‍ വിലയിരുത്താതെ നമ്മെ തന്നെ സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലേ.
ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിച്ച് സ്വയംവിലയിരുത്തല്‍ നടത്തുന്നതാണ് പരിണാമം. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്ക് ഒരു ഗുണവും ചെയ്യില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം.
Content Highlight: samantha instagram post against social media comments