സാമന്തക്ക് ഒരു വര്‍ഷം ഇടവേള; വാര്‍ത്തയുടെ സത്യാവസ്ഥ
Entertainment news
സാമന്തക്ക് ഒരു വര്‍ഷം ഇടവേള; വാര്‍ത്തയുടെ സത്യാവസ്ഥ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th July 2023, 2:11 pm

ആരോഗ്യ പരിപാലനത്തിനായി സാമന്ത ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ചെയ്തുകൊണ്ടിരിക്കുന്ന ഖുശി, ആമസോണ്‍ സീരീസ് സിറ്റാഡല്‍ എന്നിവക്ക് ശേഷം സാമന്ത വിശ്രമത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയല്ല.

ഒരു വര്‍ഷത്തേക്കല്ല, ഏതാനും മാസത്തേക്ക് മാത്രമാണ് സാമന്ത സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത് എന്ന് താരത്തോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

‘ശാകുന്തളത്തിന്റെ പ്രൊമോഷനും ഖുശിയുടെയും സിറ്റാഡലിന്റെയും ഷൂട്ടിങ് തിരക്കുകള്‍ മൂലം കഴിഞ്ഞ ഒരു വര്‍ഷം സാമന്തക്ക് ബ്രേക്ക് ലഭിച്ചിട്ടില്ല. പുതിയ പ്രോജക്ടുകളിലേക്ക് കടക്കുംമുമ്പ് സാമന്തക്ക് ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സിറ്റാഡലിന്റെ റിലീസിനൊപ്പം വലിയ പ്രഖ്യാപനങ്ങള്‍ ഇനിയും വരാനുണ്ട്. 2024 സാമന്തയെ സംബന്ധിച്ചിടത്തോളം വലിയ വര്‍ഷമാണ്,’ താരത്തോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പിലാണ് സാമന്ത നായികയായി എത്തുന്നത്. വരുണ്‍ ധവാനാണ് സീരീസില്‍ നായകന്‍. ആറ് എപ്പിസോഡുള്ള ഇംഗ്ലീഷ് പതിപ്പില്‍ റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാന്‍ലി ടുച്ചി, ലെസ്ലി മാന്‍വില്ലെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറ്റ് അന്താരാഷ്ട്ര ഭാഷകള്‍ എന്നിവയില്‍ 240 രാജ്യങ്ങളിലെ പ്രദേശങ്ങളിലും ഈ ആഗോള സീരീസ് സ്ട്രീം ചെയ്തിരുന്നു.

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഖുശി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. കോമഡി റൊമാന്റിക് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. രവിശങ്കര്‍, നവീന്‍ യെര്‍നേനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Samantha gets a year’s break; The truth of the news