| Monday, 9th January 2023, 2:58 pm

കാളിദാസന്റെ പ്രണയകാവ്യത്തിലൂടെ സാമന്തയുടെ പാന്‍ ഇന്ത്യന്‍ റിലീസ്; ശാകുന്തളം ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ചിത്രം 3ഡിയിലും റിലീസ് ചെയ്യും. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായാണ് നിര്‍മാതാക്കള്‍ ഈ ചിത്രം 3ഡിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്

സാമന്തയാണ് ശകുന്തളയായി എത്തുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ശാകുന്തളത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളില്‍ വെച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

അദിതി ബാലന്‍ അനസൂയയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്.

ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം. ഫെബ്രുവരി 17 നാണ് ശാകുന്തളം തീയേറ്ററുകളില്‍ എത്തുക.

മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം മൊഴിമാറിയെത്തും. പി. ആര്‍. ഓ: ശബരി.

content highlight: Samantha-Deva Mohan Movie Shaakuntalam trailer Released

We use cookies to give you the best possible experience. Learn more