| Wednesday, 29th March 2023, 1:00 pm

വെല്ലുവിളികളെ അതിജീവിക്കാന്‍ കൂടെ നിന്നവര്‍ പോലും പറഞ്ഞത് വീട്ടിലടങ്ങി ഇരിക്കാനാണ്, അഭിനയിക്കുമെന്നായിരുന്നു എന്റെ നിലപാട്: സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുകുമാറിന്റെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് പുഷ്പ. പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയില്‍ നായകനായെത്തിയത് അല്ലു അര്‍ജുനായിരുന്നു. സിനിമയിലെ ‘ഊ ആണ്ടാവാ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ പ്രചരണം ലഭിച്ചിരുന്നു. ഗാനരംഗത്തില്‍ അഭിനയിച്ചത് നടി സാമന്തയായിരുന്നു. ആ ഗാനരംഗത്തില്‍ അഭിനയിക്കുന്നതിന് മുമ്പുള്ള ചില കാര്യങ്ങള്‍ തുറന്ന് പറയുകയാണ് താരം.

ആ ഗാനരംഗത്തില്‍ താന്‍ അഭിനയിക്കുന്നത് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊന്നും ഇഷ്ടമായിരുന്നില്ലെന്നും വീട്ടില്‍ അടങ്ങിയിരിക്കാനാണ് അവരെല്ലാം തന്നോട് പറഞ്ഞതെന്നും തന്റെ പുതിയ സിനിമയായ ശാകുന്തളത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ സാമന്ത പറഞ്ഞു.

‘പുഷ്പയിലെ ഗാനം അവതരിപ്പിക്കാനുള്ള ഓഫര്‍ വന്നത് വിവാഹമോചനത്തിന്റെ തയാറെടുപ്പുകള്‍ നടക്കുമ്പോഴായിരുന്നു. പിന്നീട് വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ വീട്ടിലിരിക്കാനും ഇങ്ങനെയൊരു പാട്ടിനുവേണ്ടി നൃത്തം ചെയ്യരുതെന്നുമാണ് എല്ലാവരും പറഞ്ഞത്. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കള്‍ വരെ ഇക്കാര്യമാണ് ആവശ്യപ്പെട്ടത്. പക്ഷേ ചെയ്യും എന്നായിരുന്നു എന്റെ നിലപാട്,’ സാമന്ത പറഞ്ഞു.

ശാകുന്തളം സംവിധാനം ചെയ്യുന്നത് ഗുണശേഖറാണ്. മലയാളത്തിലെ യുവ താരം ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി വേഷമിടുന്നത്. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം.മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. വിവിധ ഭാഷകളിലിറങ്ങുന്ന ചിത്രം 3ഡിയായിരിക്കും. ശകുന്തള-ദുഷ്യന്തന്‍ പ്രണയത്തെ ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുമാണ് സിനിമ അവതരിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വിവാഹ മോചനത്തിന് ശേഷം പുഷ്പയിലെ ഗാനത്തില്‍ അഭിനയിക്കാന്‍ പോകണ്ടെന്നും വീട്ടിലടങ്ങി ഇരിക്കാനുമാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ചെയ്യും എന്നായിരുന്നു എന്റെ നിലപാട്.

content highlight: samantha about pushpa movie song

We use cookies to give you the best possible experience. Learn more