| Friday, 9th July 2021, 8:13 am

സമാജ്‌വാദി പ്രവര്‍ത്തകയ്ക്ക് നടുറോഡില്‍ മര്‍ദനം, സാരി വലിച്ചൂരാന്‍ ശ്രമം; വീഡിയോക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകയെ നടുറോഡില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെയും സാരി വലിച്ചൂരുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബി.ജെ.പി. പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യുവതിയെ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

ഇവര്‍ യുവതിയുടെ നാമനിര്‍ദേശ പത്രിക പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ പത്രിക സമര്‍പ്പിക്കാതിരിക്കുന്നതിനുള്ള നീക്കമായിരുന്നു ഇത്.

തങ്ങളുടെ നേതാവിനെതിരെ ആരും മത്സരിക്കരുതെന്നതായിരുന്നു അക്രമികളുടെ ആവശ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി. പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തകയെ ആക്രമിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ അധികാരദാഹികളായ ഗുണ്ടകളാണ് ഇത് ചെയ്തതെന്ന് സംഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

‘പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും, ബോംബുകളും കല്ലുകളും വെടിയുണ്ടകളും എടുക്കാനും നാമനിര്‍ദേശ പത്രികകള്‍ പിടിച്ചെടുക്കാനും മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കാനും സ്ത്രീകളോട് മോശമായി പെരുമാറാനും നടക്കുന്ന, നിങ്ങളുടെ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. നിയമത്തിന്റെയും ചട്ടങ്ങളുടെയും കണ്ണു മൂടികെട്ടികൊണ്ട് ജനാധിപത്യത്തെ വിവസ്ത്രയാക്കിയിരിക്കുകയാണ്,’ പ്രിയങ്ക പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ട്. പന്ത്രണ്ടിലേറെ സ്ഥലങ്ങളില്‍ നിന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samajwadi Worker’s Sari Yanked By Political Rivals BJP in Uttar Pradesh

We use cookies to give you the best possible experience. Learn more