എസ്.പി പ്രവര്‍ത്തകര്‍ ബി.എസ്.പി പ്രവര്‍ത്തകരില്‍ നിന്നും അച്ചടക്കം പഠിക്കണം; പ്രസംഗത്തിനിടെ ആരവം മുഴക്കിയ എസ്.പി പ്രവര്‍ത്തകരെ ശാസിച്ച് മായാവതി
D' Election 2019
എസ്.പി പ്രവര്‍ത്തകര്‍ ബി.എസ്.പി പ്രവര്‍ത്തകരില്‍ നിന്നും അച്ചടക്കം പഠിക്കണം; പ്രസംഗത്തിനിടെ ആരവം മുഴക്കിയ എസ്.പി പ്രവര്‍ത്തകരെ ശാസിച്ച് മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 9:35 am

ലക്‌നൗ: ഫിറോസാബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ ആരവം മുഴക്കിയ എസ്.പി പ്രവര്‍ത്തകരെ ശാസിച്ച് ബി.എസ്.പി നേതാവ് മായാവതി. പ്രസംഗങ്ങള്‍ എങ്ങനെ ശ്രദ്ധിച്ചു കേള്‍ക്കണം എന്നത് എസ്.പി പ്രവര്‍ത്തകര്‍ ബി.എസ്.പി പ്രവര്‍ത്തകരില്‍ നിന്നും കണ്ടു പഠിക്കണമെന്നും മായാവതി വേദിയില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘നിങ്ങള്‍ പ്രസംഗിക്കുന്നതിനിടെ ആരവം മുഴക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. എനിക്ക് തോന്നുന്നത്, ഞാന്‍ പറയുന്ന കാര്യങ്ങള്‍ ബി.എസ്.പി പ്രവര്‍ത്തകര്‍ എത്ര ശ്രദ്ധയോടു കൂടിയാണ് കേള്‍ക്കുന്നതെന്ന് നിങ്ങള്‍ നോക്കി പഠിക്കണമെന്നാണ്’- എസ്.പി നേതാവ് അഖിലേഷ് യാദവ് വേദിയിലിരിക്കെ മായാവതി പറഞ്ഞു.

പ്രസംഗത്തിനിടെ കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും മായാവതി ഒരു പോലെ വിമര്‍ശിച്ചു. ഇരു പാര്‍ട്ടികളുടേയും തട്ടിപ്പില്‍ വീണു പോകരുതെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. ‘മാധ്യമങ്ങളെ കൂട്ടു പിടിച്ച് സര്‍വേ ഫലങ്ങളും അഭിപ്രായ പോളുകളും സൃഷ്ടിച്ച് തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്’- മായാവതി പറഞ്ഞു.

പാര്‍ട്ടികളുടെ പ്രകടന പത്രികയില്‍ ആളുകളെ മയക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളും ഉണ്ടാവുമെന്നും, എന്നാല്‍ അതിലൊന്നും വീണു പോകരുതെന്നും മായാവതി ജനങ്ങളോടു പറഞ്ഞു.

വര്‍ഷങ്ങളായുള്ള എതിര്‍പ്പു മറന്നാണ് ഈ വര്‍ഷം എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 38 സീറ്റിലും എസ്.പി 37 സീറ്റിലും ആര്‍.എല്‍.ഡി 3 ലോക്‌സഭാ സീറ്റിലുമാണ് മത്സരിക്കുന്നത്.