| Friday, 8th September 2023, 7:26 pm

'ഇന്ത്യ'ക്ക് പ്രതീക്ഷയേകി സമാജ്‌വാദി, യു.പിയില്‍ കാലിടറി ബി.ജെ.പി; ലോക്‌സഭയില്‍ പ്രതീക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പ്രതീക്ഷയേകി ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭാ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് മികച്ച വിജയം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എസ്.പി സ്ഥാനാര്‍ത്ഥിയായ സുധാകര്‍ സിങ് ബി.ജെ.പി സ്ഥനാര്‍ത്ഥിയായ ദാരാ സിങ് ചൗഹാനെ ബഹുദൂരം പിന്നിലാക്കിയാണ് വിജയത്തിലേക്ക് കുതിക്കുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എസ്.പി അണികള്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ ഇലക്ഷന്റെ സൂചനയായി ഈ വിജയത്തെ കാണാന്‍ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഘോസിയിലെ വിജയം ഇന്ത്യ ബ്ലോക്കിന്റെ വിജയമാണെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അന്തിമ ഫലം വരുന്നതിന് മുമ്പ് തന്നെ അഖിലേഷ് യാദവ് സുധാകര്‍ സിങ്ങിനെയും ഘോസിയിലെ വോട്ടര്‍മാരെയും അഭിനന്ദിച്ചു.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 35,000ലധികം വോട്ടിനാണ് എസ്.പിയുടെ സുധാകര്‍ സിങ് ലീഡ് ചെയ്യുന്നത്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 70,000ത്തോളം വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. 50.77 ശതമാനം വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്.

2022ല്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ദാരാ സിങ് ചൗഹാന്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ഘോസിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഇപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുധാകര്‍ സിങ്ങിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുപാര്‍ട്ടിക്കും ഘോസിയിലെ തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമായി മാറിയിരുന്നു.

ഘോസിക്ക് പുറമെ ജാര്‍ഖണ്ഡിലെ ദുമ്രിയിലും ഇന്ത്യ സഖ്യം വിജയിച്ചു. ജെ.എം.എം സ്ഥാനാര്‍ത്ഥിയായ ബേബി ദേബി 17,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. എ.ജെ.എസ്.യുവിന്റെ യശോദ ദേവിയെയാണ് ബേബി ദേബി പരാജയപ്പെടുത്തിയത്.

Content Highlight: Samajwadi Party win Ghosi bypoll

We use cookies to give you the best possible experience. Learn more