| Saturday, 28th November 2020, 7:34 pm

ലൗ ജിഹാദ് ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ എതിര്‍ക്കും: അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവരുന്ന ലൗ ജിഹാദ് ഓര്‍ഡിനന്‍സിനെ നിയമസഭയില്‍ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടി. ഇത്തരം നിയമങ്ങളെ എസ്.പി അംഗീകരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു.

നേരത്തെ വിവാഹത്തിന് വേണ്ടി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു.

‘ലൗ ജിഹാദ്’ ഓര്‍ഡിനന്‍സ് മന്ത്രിസഭയിലവതരിപ്പിച്ചതിന് മൂന്നാം ദിവസമാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ നിയമത്തിന് അംഗീകാരം നല്‍കിയത്. ഇതോടെ ഓര്‍ഡിനന്‍സിന് നിയമസാധുത കൈവരികയാണ്.

ആരെ വിവാഹം കഴിക്കണമെന്ന അവകാശം വ്യക്തിപരമാണെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ നവംബര്‍ 24 വ്യാഴാഴ്ചയായിരുന്നു ലൗ ജിഹാദ് ക്രിമിനല്‍ കുറ്റമാക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഓര്‍ഡിനന്‍സ് യു.പി മന്ത്രിസഭ പാസാക്കിയത്.

ഇതോടെ വിവാഹത്തിനായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാല്‍ ഒരു വ്യക്തിക്ക് ഒന്നുമുതല്‍ അഞ്ച് വര്‍ഷം വര്‍ഷം വരെ തടവുശിക്ഷ വിധിക്കാന്‍ അംഗീകാരം നല്‍കുന്ന നിയമം നിലവില്‍ വരും. നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക.

സാധാരണ ലൗ ജിഹാദ് കേസുകളില്‍ ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 15000 പിഴയോ ആയിരിക്കും ശിക്ഷ. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിലോ ദളിത് വിഭാഗത്തില്‍പ്പെടുന്നയാളോ ആണെങ്കില്‍ മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും 25000 രൂപ പിഴയും, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ മൂന്നുമുതല്‍ പത്ത് വര്‍ഷം വരെ തടവും 50000 രൂപ പിഴയുമാണ് ശിക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Samajwadi Party will oppose bill on religious conversion’: Akhilesh Yadav

We use cookies to give you the best possible experience. Learn more