| Monday, 31st January 2022, 3:56 pm

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയോട് പ്രതികാരം ചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടി വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നു: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയോട് പ്രതികാരം ചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടി വോട്ടര്‍മാരെ പ്രേരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവൃത്തി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും മോദി പറഞ്ഞു.

നകലി സമാജ്‌വാദ് (വ്യാജ സമാജ്‌വാദ്) വേഴ്‌സസ് ഗരീബ് കാ സര്‍ക്കാര്‍ (ദരിദ്രരുടെ സര്‍ക്കാര്‍) എന്ന് പറഞ്ഞ മോദി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പുതിയ വാഗദാനങ്ങളും നല്‍കി.

പാവപ്പെട്ടവര്‍ക്കുള്ള വീടുകള്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പദ്ധതികള്‍, മെഡിക്കല്‍ കോളേജ്, എക്‌സ്പ്രസ് വേയ്ക്കുള്ള പുതിയ കണക്ഷന്‍, മുസ്‌ലിം സ്ത്രീകള്‍ക്കുള്ള സംരംഭങ്ങളും സ്ത്രീകളുടെ വിവാഹങ്ങള്‍ക്കുള്ള പദ്ധതികള്‍ എന്നിങ്ങനെയാണ് പുതിയ വാഗ്ദാനങ്ങള്‍.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തന്നോട് ഭഗവാന്‍ കൃഷ്ണന്‍ സ്വപ്നത്തില്‍ വന്ന് പറയാറുണ്ടെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ‘ഇക്കാലത്ത് ആളുകള്‍ ഒരുപാട് സ്വപ്നം കാണുന്നു. ഉറങ്ങുന്നവര്‍ മാത്രം സ്വപ്നം കാണുന്നു,’ മോദി പറഞ്ഞു.

നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും നഗരപ്രദേശങ്ങളിലെ ഭവനനിര്‍മ്മാണത്തിന്റെ പേരില്‍ നടക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചും മോദി പറഞ്ഞു.

‘അഴിമതിയിലൂടെ പ്രദേശത്ത് ഫ്‌ളാറ്റുകള്‍ വാങ്ങിയത് ആയിരക്കണക്കിന് ആളുകളെ ദുരിതത്തിലേക്ക് നയിച്ചു. ഫ്‌ളാറ്റുകളുടെ പണി പൂര്‍ത്തിയാക്കാന്‍ പ്രത്യേക ഫണ്ട് സര്‍ക്കാര്‍ രൂപികരിക്കപ്പെട്ടാല്‍ ബി.ജെ.പി നല്‍കും,’ അദ്ദേഹം വാഗ്ദാനം ചെയ്തു.

ഉത്തര്‍പ്രദേശില്‍ മാറ്റം കൊണ്ടുവരാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടി ഇതിനെയൊരു പ്രതികാരമായാണ് ഏറ്റെടുത്തിരിക്കുന്നത്. കലാപ മാനസികാവസ്ഥയുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കിയാല്‍ പ്രതികാരം മാത്രമേ ഉണ്ടാവൂവെന്നും മോദി പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എസ്.പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.

സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.

403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlights: Samajwadi Party urges voters to take revenge on BJP in Uttar Pradesh: Modi

We use cookies to give you the best possible experience. Learn more