സീറ്റ് വിഭജനം; മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യം വിടുമെന്ന് സമാജ്‌വാദി പാര്‍ട്ടി
national news
സീറ്റ് വിഭജനം; മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യം വിടുമെന്ന് സമാജ്‌വാദി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2024, 7:54 am

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് സമാജ്‌വാദി പാര്‍ട്ടി. അഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സാഹചര്യത്തിലാണ് ഭിന്നത രൂപപ്പെടുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ മഹാ വികാസ് അഘാഡി വിടുമെന്ന് സമാജ്‌വാദി പാര്‍ട്ടി സൂചന നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും സീറ്റുകളില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം എസ്.പിയെ പ്രകോപിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവില്‍ രണ്ട് എം.എല്‍.എമാരാണ് എസ്.പിക്ക് മഹാരാഷ്ട്രയിലുള്ളത്. ഇത്തവണ സീറ്റ് വിഭജനം നടത്തിയപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് സമാജ്‌വാദി പാര്‍ട്ടിക്ക് മഹാ വികാസ് അഘാഡി സഖ്യം നല്‍കിയത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഞ്ച് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ നിന്ന് എസ്.പി പിന്മാറണമെന്നും അഘാഡി സഖ്യം ആവശ്യപ്പെട്ടു.

ഇതിനുപിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യം വിടുമെന്ന് സൂചന നല്‍കിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ നാലിനാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഖ്യം എസ്.പിയോട് പിന്മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, മുംബൈ കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രവി രാജ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതും സഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. രവി രാജയെ തഴഞ്ഞ് സയന്‍-കോളിവാദ മണ്ഡലത്തില്‍ ഗണേഷ് യാദവിനെ പരിഗണിച്ചതിന് പിന്നാലെയാണ് രാജി.

ബി.ജെ.പിയിലെത്തിയ രവി രാജയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുംബൈ ഘടകം വൈസ് പ്രസിഡന്റാക്കി നിയമിച്ചതും മഹാ വികാസ് അഘാഡി വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാ വികാസ് അഘാഡി സഖ്യവും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ബി.ജെ.പിയും ചേര്‍ന്ന മഹായുതി സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്.

Content Highlight: Samajwadi Party to leave India alliance in Maharashtra