| Saturday, 15th January 2022, 11:05 am

യു.പി തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ ആസാദുമായി കൈകോര്‍ക്കാന്‍ എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ആസാദ് സമാജ് പാര്‍ട്ടിയുമായി സമാജ്‌വാദി പാര്‍ട്ടി കൈകോര്‍ക്കുന്നു. സഖ്യ പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകും.

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ചന്ദ്രശേഖര്‍ ആസാദും പങ്കെടുക്കുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യ പ്രഖ്യാപനം ഉണ്ടാകുക.

‘സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടികള്‍ തമ്മില്‍ എത്തിച്ചേര്‍ന്ന തീരുമാനങ്ങളും വ്യവസ്ഥകളുമെല്ലാം വാര്‍ത്താ സമ്മേളനത്തില്‍ ഞങ്ങള്‍ വ്യക്തമാക്കും’, ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. അതേസമയം സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി), ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്), അപ്നാ ദള്‍ (കൃഷ്ണ പട്ടേല്‍), പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടി- ലോഹ്യ (പി.എസ്.പി), മഹന്‍ ദള്‍ എന്നിവരുമായി സമാജ്‌വാദി പാര്‍ട്ടി ഇതിനകം തന്നെ സഖ്യമുണ്ടാക്കിയിട്ടുണ്ട്.

ആസാദ് സമാജ് പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നതിലൂടെ, ബി.എസ്.പിയുടെ ദളിത് വോട്ട് അടിത്തറയില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സമാജ്‌വാദി പാര്‍ട്ടി.

അതേസമയം നേതാക്കള്‍ കൊഴിഞ്ഞുപോകുന്നതിന്റെ ആശങ്കയിലാണ് നിലവില്‍ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം. യോഗി മന്ത്രിസഭയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയടക്കം 3 മന്ത്രിമാരും അഞ്ച് എം.എല്‍.എമാരുമാണ് ഇതിനകം പാര്‍ട്ടി വിട്ടത്. പാര്‍ട്ടിക്ക് പിന്നാക്ക വിഭാഗത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇവര്‍ പാര്‍ട്ടി വിട്ടത്.

എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ദ്രുതഗതിയിലാക്കി വിശ്വാസികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് നിലവില്‍ ബി.ജെ.പി.
മകരസംക്രാന്തി ദിവസമായ ജനുവരി 14നായിരുന്നു ക്ഷേത്രത്തിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.

മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം നിര്‍മാണത്തിന്റെ അടുത്ത ഘട്ടം ഞായറാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2023 ഡിസംബറില്‍ ക്ഷേത്രം ദര്‍ശനത്തിന് വേണ്ടി തുറന്ന് കൊടുക്കുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് ‘ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്’ ജനറല്‍ സെക്രട്ടറി ചാംപത് റായ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും യു.പിയില്‍ 2017ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്തും നല്‍കിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ക്ഷേത്ര നിര്‍മാണം വിഷയമാക്കിക്കൊണ്ട് ബി.ജെ.പി പ്രചാരണം നടത്തുന്നത് പതിവാണ്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Samajwadi Party to announce alliance with Chandra Shekhar Aazad’s party today

We use cookies to give you the best possible experience. Learn more