ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ, നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി.
ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ് വന്‍ ലീഡിലേക്കാണ് എത്തിയിരിക്കുന്നത്.
ഇതിനകം ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ 1,05,014 വോട്ടിന്റെ ലീഡ് നേടാന്‍ ഡിംപിള്‍ യാദവിനായി. തുടക്കം മുതല്‍ തന്നെ ഡിംപിളിന് ലീഡ് നിലനിര്‍ത്താനായിരുന്നു.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിയോഗത്തെ തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിലെ രാംപൂരിലും ഖതൗലിയിലും എസ്.പി, ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥികള്‍ അയ്യായിരവും എട്ടായിരവും വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
ആസം ഖാന്‍ അയോഗ്യനായതോടെയാണ് രാംപൂരില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി നേതാവ് വിക്രം സിങ് സൈനി അയോഗ്യനായതോടെയാണ് ഖതൗലി ഖതൗലിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് രണ്ടാമത്.
ബിഹാറിലെ കുര്‍ഹാനിയില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥി മനോജ് സിന്‍ഹയാണ് മുന്നില്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്.
ഒഡീഷയിലെ പദംപൂരില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയേക്കാള്‍ 12,548 വോട്ടിന്റെ ലീഡ് നേടാന്‍ ബി.ജെ.ഡി സ്ഥാനാര്‍ത്ഥിക്കായിട്ടുണ്ട്.
അതേസമയം ആകെയുള്ള 182 സീറ്റില്‍ നിലവിലെ ലീഡ് നിലയില്‍ മുന്നേറിയാല്‍ ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകും നേടുക. 154 സീറ്റുകളിലാണ് ബി.ജെ.പി നിലവില്‍ ലീഡ് ചെയ്യുന്നത്.
2002ല്‍ 127 സീറ്റുകളില്‍ വിജയിച്ച് സ്വന്തം റെക്കോഡ് തന്നെയാകും ബി.ജെ.പി ഇതിലൂടെ തിരുത്തുക. 2017ല്‍ 99 സീറ്റായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് വമ്പന്‍ പ്രചാരണ പരിപാടികളായിരുന്നു സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത്.
എന്നാല്‍, 1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 21 മണ്ഡലങ്ങളിലേക്ക് ലീഡ് ചുരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കന്‍ ഗുജറാത്തില്‍ പോലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹാര്‍ദിക് പട്ടേലടക്കമുള്ളവര്‍ ബി.ജെ.പിയിലേക്ക് പോയതും ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, അഞ്ച് സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതുവരെ 11.9 ശതമാനം വോട്ട് ഷെയറാണ് ആം ആദ്മി നേടിയത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസാണ് മുന്നിട്ടുനില്‍ക്കുന്നത്. 68 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി 26 സീറ്റുകളിലും കോണ്‍ഗ്രസ് 39 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്.
Content Highlight: Samajwadi Party’s Dimple Yadav leads in Mainpuri by over 1 lakh votes