| Monday, 19th September 2022, 12:08 pm

ബി.ജെ.പി പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന് അഖിലേഷ് യാദവ്; എസ്.പിയില്‍ നിന്ന് സാമാന്യ മര്യാദ പ്രതീക്ഷിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബി.ജെ.പിയുടെ അധികാരവീഴ്ചയ്‌ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ വിധാന്‍ ഭവന്‍ മാര്‍ച്ച് ഇന്ന്. സമാജ് വാദി പാര്‍ട്ടി ഓഫീസില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ ആതിക്രമങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ യാത്രയില്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പി കാരണം സംസ്ഥാനത്തേയും രാജ്യത്തേയും ക്രമസമാധാനം അപകടത്തിലാണെന്നും സര്‍ക്കാര്‍ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ സംസ്‌കാരത്തില്‍ നിന്ന് മാറി സര്‍ക്കാര്‍ സംസ്ഥാനത്ത് വെറുപ്പിന്റെ രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊള്ള, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പിടിയിലാണ് നിലവില്‍ യു.പിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു യു.പിയുടെ ക്രമസമാധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. മുമ്പ് ഭരിച്ചിരുന്ന സര്‍ക്കാരുകളുടെ രക്തത്തില്‍ അഴിമതിയുണ്ടായിരുന്നുവെന്നും യോഗി പറഞ്ഞിരുന്നു. 2017ന് ശേഷമാണ് യു.പിയുടെ നില മെച്ചപ്പെട്ടതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.

അതേസമയം അഖിലേഷ് യാദവിന്റെ യാത്രക്കെതിരെ ബി.ജെ.പിയും പൊലീസും രംഗത്തെത്തിയിട്ടുണ്ട്. യാത്ര നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. ഗതാഗതം തടസ്സപ്പെടാത്ത നിലയില്‍ ഇവര്‍ക്ക് യാത്ര ചെയ്യാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ ഇത് നിരസിച്ചുവെന്നും പൊലീസ് പറയുന്നു.

‘ യാത്ര നടത്താന്‍ സമാജ്‌വാദി പാര്‍ട്ടി അനുമതി വാങ്ങിയിട്ടില്ല. എന്നിട്ടും ഗതാഗതം തടസ്സപ്പെടാത്ത നിലയില്‍ ഒരു വഴി അവര്‍ക്ക് വേണ്ടി ഒരുക്കിയിരുന്നു. എന്നിട്ടും പാര്‍ട്ടി അത് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യാത്രയെ തടയുകയല്ലാതെ വേറെ വഴിയില്ല,’ ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് പിയുഷ് മോര്‍ദിയ പറഞ്ഞു.

അതേസമയം ജനാധിപത്യമായ രീതിയില്‍ ആരെങ്കിലും സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയാനാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്ത് പരിപാടിയായാലും അധികാരികളില്‍ നിന്ന് അനുമതി വാങ്ങേണ്ടത് അത്യാവശ്യമാണെന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അതെങ്കിലും പ്രതീക്ഷിക്കുന്നുവെന്നും യോഗി പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും ഇത്തരം പരാതികളോ പ്രതിഷേധമോ ഉണ്ടെങ്കില്‍ അത് അസംബ്ലിയിലാണ് അവതരിപ്പിക്കേണ്ടതെന്നും യു.പി ഉപമുഖ്യമന്ത്രി കെ.പി. മൗര്യ പറഞ്ഞു.

Content Highlight: Samajwadi party rally to vidhan bhavan will be held today, Yogi says expecting a minimum decency from SP

We use cookies to give you the best possible experience. Learn more