| Monday, 17th January 2022, 4:12 pm

അധികാരത്തിലെത്തിയാല്‍ താങ്ങുവില ഉറപ്പാക്കും; അരിയും ഗോതമ്പും കയ്യിലെടുത്ത് ബി.ജെ.പിയെ തോല്‍പിക്കുമെന്നുള്ള ഉഗ്രശപഥവുമായി അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില (Minimum Support Price) ഉറപ്പാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

കൃഷിയുടെ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് സൗജന്യ ജലസേചനം, വായ്പ, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുമെന്നും കരിമ്പ് കര്‍ഷകര്‍ക്ക് കുടിശിക അടയ്ക്കുന്നതിനായി പ്രത്യേക റിവോള്‍വിംഗ് ഫണ്ട് സംവിധാനം നിലവില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.പി അധികാരത്തിലെത്തുന്നതോടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുമെന്നും കര്‍ഷക സമരത്തിന്റെ ഭാഗമായി മരിച്ച എല്ലാ കര്‍ഷകര്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കുമെന്നും അഖിലേഷ് പറഞ്ഞു.

ഇക്കാര്യങ്ങളെല്ലാം തന്നെ സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷമായിരിക്കും എസ്.പി പ്രകടനപത്രിക പുറത്തിറക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖിംപൂര്‍ ഖേരി സംഭവത്തെ ജാലിയന്‍ വാലാബാഗ് സമരത്തോടുപമിച്ച അഖിലേഷ്, നിരപരാധികളായ കര്‍ഷകരെ കൊലപ്പെടുത്തിയതിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ബി.ജെ.പി ചെയ്തതെന്നും പറഞ്ഞു. കര്‍ഷകരുടെ കൂട്ടായ്മയാണ് കേന്ദ്രത്തെ മുട്ടു കുത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകനേതാവായ തജീന്ദര്‍ വിര്‍കിനൊപ്പം കൈയില്‍ ഒരു പിടി അരിയും ഗോതമ്പും വാരിയെടുത്ത് കര്‍ഷകര്‍കരെ ദ്രോഹിച്ചവരെ എന്ത് വന്നാലും തോല്‍പിക്കുമെന്നുള്ള ശപഥവും അഖിലേഷ് നടത്തി.

ബി.ജെ.പി നേതാക്കള്‍ ഒന്നിനുപിന്നാലെ ഒന്നായി തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും ഇത് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കെതിരായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

ഭീം ആര്‍മി തെരഞ്ഞടുപ്പ് സഖ്യത്തില്‍ നിന്നും പിന്‍മാറിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് ‘ഡോ. അംബേദ്കറും ഡോ. ലോഹ്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള കാര്യം ചന്ദ്രശേഖറിന് അറിവുള്ളതാണെന്നും, ഒരു സഹോദരനെപ്പോലെ തങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്,’ എന്നായിരുന്നു അഖിലേഷിന്റെ മറുപടി.

ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് രാവണുമായി എസ്.പി സഖ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസാനം അവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പാര്‍ട്ടിക്ക് ദളിതരോട് അവഗണനയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.

ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.

‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.

അതേസമയം, മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് എസ്.പി തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്നത്.

യോഗി മന്ത്രിസഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യു.പി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്നിയും പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയായ ധാരാ സിംഗ് ചൗഹാന്‍ ഔദ്യോഗികമായി എസ്.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്നാ ദള്‍ എം.എല്‍.എയായ ആര്‍.കെ വര്‍മയും എസ്.പിയില്‍ ചേര്‍ന്നിരുന്നു.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Samajwadi Party president Akhilesh Yadav says when SP comes to power, he would ensure minimum support price for all crops for farmers.

We use cookies to give you the best possible experience. Learn more