ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പി ഒറ്റ സീറ്റിൽ ഒതുങ്ങും: അഖിലേഷ് യാദവ്
national news
ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പി ഒറ്റ സീറ്റിൽ ഒതുങ്ങും: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 10:36 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇത്തവണ ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇന്ത്യാ സഖ്യത്തിന് യു.പിയില്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

ലാല്‍ഗഞ്ച് എസ്.പി സ്ഥാനാര്‍ത്ഥി ദരോഗ പ്രസാദ് സരോജിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അഖിലേഷിന്റെ പ്രസ്താവന.

യു.പിയില്‍ ബി.ജെ.പിക്ക് സാധ്യതയുള്ളത് വാരാണസി ലോക്‌സഭാ സീറ്റ് മാത്രമാണെന്നും അഖിലേഷ് യാദവ് പറയുകയുണ്ടായി. ബി.ജെ.പി എന്തൊക്കെ തന്ത്രം മെനഞ്ഞിട്ടും കാര്യമില്ല, എന്‍.ഡി.എ സര്‍ക്കാരിനെ തുടച്ചുനീക്കാനാണ് യു.പിയിലെ വോട്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.പിയിലെ ഒരു മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി മത്സരിക്കുന്നതെന്നാണ് മനസിലാവുന്നതെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയെ അഖിലേഷ് ‘ക്യോട്ടോ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ജപ്പാനിലെ ‘ക്യോട്ടോ’ നഗരത്തിന് സമാനമായ രീതിയില്‍ വാരണാസിയെ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. മോദിയുടെ ഈ വാഗ്ദാനത്തെ മുന്‍നിര്‍ത്തിയാണ് അഖിലേഷിന്റെ പരാമര്‍ശം.

ജനങ്ങള്‍ ഇപ്പോള്‍ ‘400 തോല്‍വി’ എന്നാണ് ബി.ജെ.പിയോട് പറയുന്നതെന്നും അഖിലേഷ് പറഞ്ഞു. തുടര്‍ച്ചയായ അവരുടെ പ്രസംഗങ്ങളില്‍ പഴയ കഥകള്‍ മാത്രമാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പിക്ക് 140 സീറ്റ് പോലും ലഭിക്കില്ലെന്ന് രാജ്യത്തെ 140 കോടി ജനങ്ങള്‍ ഉറപ്പുവരുത്തുമെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.

കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച വിഷയങ്ങളിലും അഖിലേഷ് പ്രതികരിച്ചു. വാക്‌സിന്‍ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വാക്‌സിന്‍ നിര്‍മിച്ച കമ്പനികളില്‍ നിന്ന് മോദി കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അഖിലേഷ് പറയുകയുണ്ടായി.

Content Highlight: Samajwadi Party President Akhilesh Yadav says BJP will get only one seat in Uttar Pradesh this time