ന്യൂദല്‍ഹി: ലോക്‌സഭാ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധികാരം കവരാന്‍ അമിത് ഷാ ശ്രമം നടത്തുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പിന്നാലെ എസ്.പി എം.പിയുടെ പരാമര്‍ശത്തില്‍ അമിത് ഷാ പ്രകോപിതനാവുകയും ചെയ്തു.
വ്യക്തമായ ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ബില്‍ അവതരിപ്പിച്ചതെന്ന് അഖിലേഷ് ലോക്‌സഭയില്‍ പറഞ്ഞു. ഇതിനോടപ്പം സ്പീക്കറുടെ അധികാരങ്ങള്‍ കൈവശപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
‘നിലവില്‍ നിങ്ങളുടെയും ഞങ്ങളുടെയും അവകാശങ്ങള്‍ വെട്ടികുറയ്ക്കപ്പെടുകയാണ്. താങ്കള്‍ ജനാധിപത്യത്തിന്റെ വിധികര്‍ത്താവാണ്. എന്നാല്‍ നിങ്ങളുടെ സുപ്രധാനമായ ചില അവകാശങ്ങള്‍ ഞങ്ങളോടൊപ്പം തട്ടിയെടുക്കപ്പെടുകയാണ്. നിങ്ങള്‍ക്ക് വേണ്ടിയും പോരാടേണ്ട അവസ്ഥയാണ് ഞങ്ങള്‍ക്ക്,’ എന്നാണ് അഖിലേഷ് പറഞ്ഞത്.
സ്പീക്കറുടെ അധികാരങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിന് മാത്രമല്ല, മുഴുവന്‍ പാര്‍ലമെന്റിന്റെയും പ്രവര്‍ത്തനത്തിന് അവിഭാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ അഖിലേഷ് യാദവിന്റെ പരാമര്‍ശത്തില്‍ പ്രകോപിതനായ അമിത് ഷാ, എസ്.പി നേതാവ് സ്പീക്കറെ അപമാനിക്കുകയാണെന്നും സഭാധ്യക്ഷന്റെ അവകാശങ്ങളുടെ സംരക്ഷകനല്ല താങ്കളെന്നും പറയുകയുണ്ടായി. തുടര്‍ന്ന് ഇരുവരുടെയും വാക്‌പോരില്‍ സ്പീക്കര്‍ ഇടപ്പെട്ടു. ചെയറിനെ കുറിച്ച് വ്യക്തിപരമായ പ്രതികരണങ്ങള്‍ വേണ്ടന്നായിരുന്നു ഓം ബിര്‍ളയുടെ പ്രതികരണം.
അതേസമയം സമൂഹ മാധ്യമമായ എക്സിലൂടെയൂം വഖഫ് നിയമഭേദഗതിക്കെതിരെ അഖിലേഷ് പ്രതികരിച്ചു. നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തുന്നത് ബി. ജെ. പി നേതാക്കള്‍ക്ക് എളുപ്പത്തില്‍ ഭൂമി വില്‍ക്കാനുള്ള ഒരു വഴി മാത്രമാണെന്നും ബി.ജെ.പിയെ ഭാരതീയ സമീന്‍ (ഭൂമി) പാര്‍ട്ടി എന്ന് പുനര്‍നാമകരണം ചെയ്യണമെന്നുമാണ് അഖിലേഷ് പറഞ്ഞത്.
റെയില്‍വേ, പ്രതിരോധം തുടങ്ങിയ വകുപ്പുകള്‍ക്ക് കീഴിലുള്ള സര്‍ക്കാര്‍ ഭൂമികള്‍ വില്‍ക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഒരു തന്ത്രം മാത്രമാണ് വഖഫ് നിയമ ഭേദഗതി. അതിനാല്‍ ‘ബി.ജെ.പി നേതാക്കളുടെ ലാഭത്തിനായി തയ്യാറാക്കിയ പദ്ധതി’ എന്ന് അവര്‍ക്ക് തന്നെ പരസ്യമായി ഈ ബില്ലിനെ വിശേഷിപ്പിക്കാമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
Content Highlight: Samajwadi Party president Akhilesh Yadav lashed out at Union Home Minister Amit Shah in the Lok Sabha session