| Wednesday, 24th April 2024, 9:45 pm

ഉത്തർപ്രദേശിൽ ചെക്ക് വെച്ച് അഖിലേഷ് യാദവ്; കനൗജിൽ നിന്ന് മത്സരിക്കാൻ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് തീരുമാനം. വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. കനൗജ് മണ്ഡലം തിരിച്ചുപിടിക്കാൻ അഖിലേഷ് യാദവ് തന്നെ മത്സര രംഗത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രഖ്യാപനം.

കനൗജിൽ അഖിലേഷ് യാദവിന്‌ പകരം ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകൻ തേജ് പ്രതാപ് യാദവ് മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന കനൗജ് തിരികെ പിടിക്കാൻ അഖിലേഷ് തന്നെ മത്സരത്തിനിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.

‘പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തിന്റെ വിജയമാണ് കാണാൻ പോകുന്നത്. എൻ.ഡി.എ.ക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. വർഗീയ രാഷ്ട്രീയത്തെ ഇല്ലാതാക്കിയിരിക്കും,’ അഖിലേഷ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

2000ൽ അഖിലേഷ് യാദവ് കനൗജ് സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. പിന്നീട് 2004ലും 2009ലും എസ്.പി അധ്യക്ഷൻ ഈ സീറ്റിനെ പ്രതിനിധീകരിച്ചു. 2012ൽ മുഖ്യമന്ത്രിയായതിന് ശേഷം കനൗജ് അഖിലേഷ് വിട്ടുകളഞ്ഞു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പങ്കാളി ഡിംപിൾ യാദവ് എതിരില്ലാതെ വിജയിച്ചു. എന്നാൽ 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുബ്രത് പഥക്കിനോട് 12,353 വോട്ടിന് ഡിംപിൾ പരാജയപ്പെടുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ നാലാം ഘട്ടമായ കനൗജ് സീറ്റിൽ മെയ് 13ന് വോട്ടെടുപ്പ് നടക്കും. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി 63 സീറ്റുകളിലും കോൺഗ്രസ് 17 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.

Content Highlight: Samajwadi Party president Akhilesh Yadav is all set to contest the Lok Sabha elections

We use cookies to give you the best possible experience. Learn more