ഉത്തര്‍പ്രദേശിലെ 11 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും; സീറ്റ് വിഭജന ചര്‍ച്ച വിജയകരമെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ച വിജയകരമെന്ന് സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 11 സീറ്റില്‍ മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്ത് നിന്ന് 80 പ്രതിനിധികളെ തങ്ങള്‍ ലോക്‌സഭയിലേക്ക് അയക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരാമര്‍ശം.
കോണ്‍ഗ്രസുമായുള്ള ചര്‍ച്ച നല്ല സൗഹാര്‍ദത്തില്‍ അവസാനിച്ചുവെന്നും നിലവിലെ തീരുമാനങ്ങള്‍ വിജയ സമവാക്യവുമായി മുന്നോട്ട് പോകുമെന്നും അഖിലേഷ് വ്യക്തമാക്കി. പുതിയ തീരുമാനങ്ങള്‍ നല്ല ഒരു മാറ്റമാണെന്നും അഖിലേഷ് എക്‌സില്‍ കുറിച്ചു.
അതേസമയം കോണ്‍ഗ്രസ് നേതൃത്വം അഖിലേഷിന്റെ പരാമര്‍ശത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തിലേക്ക് തിരിച്ചുപോവുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൂടിയാണ് സമാജ്‌വാദി പാര്‍ട്ടി മേധാവിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും അഖിലേഷ് യാദവും തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മധ്യപ്രദേശിലെ സീറ്റ് വിഭജനം പരാജയപ്പെട്ടതോടെ അഖിലേഷ് കോണ്‍ഗ്രസിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
‘ദലിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍, ന്യൂനപക്ഷക്കാര്‍ എന്നിവരുടെ വോട്ടുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിനെ പിന്തുണക്കുന്നത്. ജാതി സെന്‍സസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാതിരിക്കുകയും സെന്‍സസ് നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഇതേ കോണ്‍ഗ്രസ് തന്നെയാണ്. അതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. കോണ്‍ഗ്രസിന് ഇനി വോട്ട് ലഭിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം,’ അഖിലേഷ് പറഞ്ഞ വാക്കുകള്‍.
കോണ്‍ഗ്രസിന് വോട്ടു നല്‍കരുതെന്നും അവര്‍ ഒരു കുതന്ത്ര പാര്‍ട്ടിയാണെന്നും അഖിലേഷ് ആരോപിച്ചിരുന്നു.
Content Highlight: Samajwadi Party National President Akhilesh Yadav says the seat sharing talks with the Congress are successful