400 സീറ്റ് നേടുമെന്ന് പറയുന്ന ബി.ജെ.പി പ്രതിപക്ഷത്തെ ഭയക്കുന്നത് എന്തിന്; മഹാറാലിയില്‍ അഖിലേഷ് യാദവ്
national news
400 സീറ്റ് നേടുമെന്ന് പറയുന്ന ബി.ജെ.പി പ്രതിപക്ഷത്തെ ഭയക്കുന്നത് എന്തിന്; മഹാറാലിയില്‍ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st March 2024, 4:03 pm

ന്യൂദല്‍ഹി: ബി.ജെ.പിയെ കടന്നാക്രമിച്ച് സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലോകത്തില്‍ ഏറ്റവും വലിയ നുണ പറയുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യാ മുന്നണിയുടെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.

തങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് ബി.ജെ.പി വാദിക്കുന്നതിനേക്കാള്‍ വലിയ നുണയുണ്ടോയെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി പ്രതിപക്ഷത്തെ എന്തിനാണ് ഭയക്കുന്നതെന്നും അഖിലേഷ് മഹാറാലിയില്‍ ചോദ്യമുയര്‍ത്തി.

അതേസമയം രാജ്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മഹാറാലിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ സംരക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞു.  പ്രതിപക്ഷ പാര്‍ട്ടികളെ ബി.ജെ.പി വേട്ടയാടുകയാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി.

രാജ്യത്ത് വെറുപ്പിന്റെ തീ ആളിക്കത്തുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. കെജ്‌രിവാളിനെ ജയിലിലടക്കാം എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി നുണ അച്ചടിച്ചിറക്കുന്ന ഫാക്ടറി ആയിമാറിയെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം അരവിന്ദ് കെജ്‌രിവാളിനോടൊപ്പമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാറാലിയില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് ഒപ്പം നിൽക്കുന്ന നേതാക്കള്‍ക്കെതിരെ ഒരു നിയമ നടപടിയും ഉണ്ടാവില്ലെന്ന് താക്കറെ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം വിജയിക്കുമെന്നും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി.

രാം ലീല മൈതാനിയില്‍ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന വര്‍ഗീയ കൂട്ടായ്മയെ ഇന്ത്യാ സഖ്യം ഇല്ലാതാക്കുമെന്ന് മുന്നണി നേതാക്കള്‍ പ്രതിജ്ഞയെടുത്തു.

Content Highlight: Samajwadi Party National President Akhilesh Yadav attacked BJP