ലക്‌നൗ: സമാജ് വാദി പാര്‍ട്ടി എം.പി അസംഖാനെയും ഭാര്യ തന്‍സീന്‍ ഫാത്തിമയേയും മകന്‍ അബ്ദുള്ള അസമിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജനനസര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലാണ് രാംപൂര്‍ കോടതിയുടെ നടപടി.
ഇവര്‍ ഇന്ന് ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഏഴ് ദിവസത്തേക്കാണ് മൂവരേയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് രണ്ടിനാണ് ഇനി കേസ് പരിഗണിക്കുന്നത്.
കോടതി തങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ അംഗീകരിക്കുന്നില്ലെന്ന് അസംഖാന്‍ പറഞ്ഞു.
നേരത്തെ കേസില്‍ ഇരുവരും ഹാജരാകണമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കിയിട്ടും മൂവരും ഹാജരായിരുന്നില്ല. ജാമ്യമില്ലാ കുറ്റമാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
അസംഖാന്റെയും കുടുംബത്തിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് എം.പിമാരുടേയും എം.എല്‍.എമാരുടേയും കേസുകള്‍ പരിഗണിക്കുന്ന കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
നിരവധി കേസുകളാണ് മൂന്നുപേര്‍ക്കു മെതിരെ ചുമത്തിയിട്ടുള്ളത്. ഭൂമികൈയേറ്റം, വൈദ്യുതി മോഷണം, കന്നുകാലിമോഷണം തുടങ്ങിയ കേസുകള്‍ അസംഖാന്റെ പേരിലും മകന്റെ പേരില്‍ ജനനസര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസും നിലനില്‍ക്കുന്നുണ്ട്.
ഇതേ കേസിന്റെ പേരില്‍ അബ്ദുള്ള അസമിന് നിയമസഭാംഗത്വം നഷ്ടമായിരുന്നു.
WATCH THIS VIDEO: