| Tuesday, 27th February 2024, 2:05 pm

ബി.ജെ.പിയെ എതിര്‍ക്കാന്‍ ധൈര്യമില്ലാത്തവരാണ് പാര്‍ട്ടി വിട്ട് പോയത്; കൂറുമാറ്റം സ്ഥിരീകരിച്ച് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ചീഫ്‌വിപ്പ് സ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ മനോജ് പാണ്ഡെ. എസ്.പിയുടെ എം.എല്‍.എമാര്‍ കൂറുമാറുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാജി പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെതിയത്.

മനോജ് പാണ്ഡെയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ കൂറുമാറ്റം നടന്നതായി അഖിലേഷ് യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. വിജയിക്കാന്‍ വേണ്ടി ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നും അഖിലേഷ് പറഞ്ഞു.

‘ബി.ജെ.പി സര്‍ക്കാരിനെ എതിര്‍ക്കാനുള്ള ധൈര്യം ഇല്ലാത്ത നേതാക്കളാണ് പാര്‍ട്ടി വിട്ട് പോയത്. വിജയിക്കാന്‍ വേണ്ടി ബി.ജെ.പി ഏതറ്റം വരെയും പോകുമെന്ന് ആര്‍ക്കാണ് അറിയാത്തത്. അത്തരം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും’,അഖിലേഷ് യാദവ് പറഞ്ഞു. ചണ്ഡീഗഡ് തെരഞ്ഞെടുപ്പിലും ഇതേ സത്യസന്ധത ഇല്ലാത്ത നടപടിയാണ് ബി.ജെ.പി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിങ്കളാഴ്ച വിളിച്ച പാര്‍ട്ടി യോഗത്തില്‍ മനോജ് പാണ്ഡെ ഉള്‍പ്പടെ പാര്‍ട്ടിയുടെ എട്ട് എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മനോജ് പാണ്ഡെയുടെ കൂറുമാറ്റം സമാജ്‌വാദി പാര്‍ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

യു.പിയിലെ പത്ത് നിയമസഭ സീറ്റുകളിലേക്കും ചൊവ്വാഴ്ച രാവിലെയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഇതില്‍ ബി.ജെ.പി എട്ടും എസ്.പി മൂന്ന് സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ എട്ട് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മുന്‍ എസ്.പി നേതാവ് സഞ്ജയ് സേത്താണ്.

56 രാജ്യസഭാ സീറ്റുകളിലേക്കുള്ള 41 നേതാക്കളെ ഇതിനോടകം എതിരില്ലാതെ തെരഞ്ഞെടുത്ത് കഴിഞ്ഞതാണ്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ, അശോക് ചവാന്‍, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുകന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. 15 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് നടക്കുക.

Contant Highlight: samajwadi party mla manoj pandey resigns as chief whip

We use cookies to give you the best possible experience. Learn more