| Saturday, 1st June 2019, 10:10 pm

യു.പിയില്‍ വീണ്ടും സമാജ്‌വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു; പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: ഒരു ദിവസത്തെ ഇടവേളക്കിടെ യു.പിയില്‍ വീണ്ടും സമാജ്‌വാദി പാര്‍ട്ടി നേതാവിന് വെടിയേറ്റു. യു.പി നോയിഡയില്‍ വെച്ചാണ് എസ്.പി നേതാവ് ബ്രജ്പാല്‍ രതിയെ അജ്ഞാതര്‍ വെടിവെച്ചത്.

സമാജ്വാദി പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായ ബ്രജ്പാല്‍, സുഹൃത്തിനൊപ്പം വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് വെടിയേറ്റത്. കൈയ്ക്ക് വെടിയേറ്റ ബ്രജ്പാലിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആരില്‍ നിന്നും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഇതേകുറിച്ച് സൂരജ്പൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രതികരണം.

തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക പൊലീസ് സുരക്ഷ ലഭിച്ചിരുന്ന വ്യക്തിയാണ് ബ്രജ്പാല്‍ രതി. തെരഞ്ഞെടുപ്പ് തീര്‍ന്നതോടെ ഇദ്ദേഹത്തിനുള്ള സുരക്ഷ പൊലീസ് പിന്‍വലിക്കുകയായിരുന്നു.

ഗൗതം ബുദ്ധ നഗറില്‍ മറ്റൊരു സമാജ്‌വാദി നേതാവിനെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സ്‌കോര്‍പിയോ കാറില്‍ സഞ്ചരിക്കവെ ഷാ ഗഞ്ച്- ജോന്‍പൂര്‍ റോഡിലാണ് വെടിവെയ്പുണ്ടായത്. ലാല്‍ജി യാദവ് മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം അക്രമികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ട്രാക്ടറായിരുന്ന ലാല്‍ജി യാദവിനായിരുന്നു പൂര്‍വാഞ്ചലിലെ സര്‍ക്കാരിന്റെ മിക്ക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ചുമതല.

അമേത്തിയില്‍ സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന സുരേന്ദ്ര സിങ് എന്നയാള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന പിറ്റേ ദിവസം കൊല്ലപ്പെട്ടിരുന്നു. ഗാസിപൂരില്‍ ജില്ലാ പഞ്ചായത്ത് അംഗവും എസ്.പി നേതാവുമായ വിജയ് യാദവ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു.

മെയ് 27ന് എസ്.പി നേതാവും മുന്‍ എം.പിയുമായ കമലേഷ് ബാല്‍മികിയെ ബുലന്ദ്ശഹറിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more