ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാത്ത ആളുകളെ ബി.ജെ.പി സ്വീകരിക്കുന്നതില്‍ അവരോട് നന്ദിയുണ്ട്; അപര്‍ണ പാര്‍ട്ടി വിട്ടത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാലെന്ന സൂചന നല്‍കി അഖിലേഷ്
national news
ഞങ്ങള്‍ പോലും ടിക്കറ്റ് നല്‍കാത്ത ആളുകളെ ബി.ജെ.പി സ്വീകരിക്കുന്നതില്‍ അവരോട് നന്ദിയുണ്ട്; അപര്‍ണ പാര്‍ട്ടി വിട്ടത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാലെന്ന സൂചന നല്‍കി അഖിലേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th January 2022, 3:58 pm

ന്യൂദല്‍ഹി: തന്റെ സഹോദരഭാര്യ അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്.

അപര്‍ണ ബി.ജെ.പിയിലെത്തുമ്പോളും തങ്ങളുടെ പ്രത്യയശാസ്ത്രം തന്നെ തുട
രുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

അപര്‍ണയെ പാര്‍ട്ടിയില്‍ എടുത്തതില്‍ ബി.ജെ.പിയോട് നന്ദിയുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

”ഞങ്ങള്‍ക്ക് പോലും ടിക്കറ്റ് നല്‍കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ബി.ജെ.പി ടിക്കറ്റ് നല്‍കുന്നു എന്നതില്‍ അവരോട് നന്ദി പറയേണ്ടതുണ്ട്.

ഞാന്‍ അവരെ (അപര്‍ണ യാദവ്) അഭിനന്ദിക്കുകയാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഇങ്ങനെ പ്രചരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഞങ്ങളുടെ പ്രത്യശാസ്ത്രം അവിടെ ബി.ജെ.പി) എത്തിച്ചേരുമെന്നും അങ്ങനെ അവിടെ ജനാധിപത്യമുണ്ടാകുമെന്നും എനിക്ക് ഉറപ്പാണ്,” പരിഹാസസ്വരത്തില്‍ അഖിലേഷ് പ്രതികരിച്ചു.

എസ്.പി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ പിതാവ് മുലായം സിംഗ് യാദവ്, അപര്‍ണ യാദവുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും അഖിലേഷ് തുറന്നുപറഞ്ഞു.

അപര്‍ണ പാര്‍ട്ടി വിട്ടത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനാലെന്നും അഖിലേഷ് സൂചന നല്‍കുന്നുണ്ട്. ”അവരെ സമാധാനിപ്പിക്കാന്‍ നേതാജി (മുലായം സിംഗ് യാദവ്) പരമാവധി ശ്രമിച്ചിരുന്നു.

ഞങ്ങളുടെ ആഭ്യന്തര സര്‍വേകളെയും മറ്റ് പല കാര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ആളുകള്‍ക്ക് സ്ഥാനാര്‍ത്ഥിത്തം നല്‍കുന്നത്

ബുധനാഴ്ച രാവിലെയായിരുന്നു സമാജ്വാദി പാര്‍ട്ടിയുടെ സമുന്നത നേതാവ് മുലായം സിംഗ് യാദവിന്റെ ഇളയ മകനും അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് ബി.ജെ.പി അംഗത്വമെടുത്തത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപര്‍ണ പാര്‍ട്ടി അംഗത്വമെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്നും സ്വാധീനിച്ചിട്ടുണ്ട് എന്നായിരുന്നു പാര്‍ട്ടി അംഗത്വമെടുത്ത ശേഷം അപര്‍ണയുടെ പ്രതികരണം.

”പ്രധാനമന്ത്രി എന്നെ എന്നും സ്വാധീനിച്ചിരുന്നു. രാജ്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന് സേവനം ചെയ്യാനാണ് ഞാന്‍ മുന്നോട്ട് വന്നിരിക്കുന്നത്,” ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അപര്‍ണ യാദവ് പ്രതികരിച്ചു.

തനിക്ക് പാര്‍ട്ടിയില്‍ അവസരം തന്നതിന് ബി.ജെ.പിയോട് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഖ്നൗ കന്റോണ്‍മെന്റില്‍ നിന്നും എസ്.പി സ്ഥാനാര്‍ത്ഥിയായി അപര്‍ണ മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ റിത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.

അപര്‍ണയ്ക്ക് ശേഷം, മുലായം സിംഗ് യാദവിന്റെ കുടുംബാംഗമായ പ്രമോദ് ഗുപ്തയും ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Samajwadi Party leader Akhilesh Yadav’s reply to relative Aparna joining BJP, ahead of UP election