മുംബൈ: രാമായണത്തെ അടിസ്ഥാനമാക്കി ഓം റൗത് സംവിധാനം ചെയ്ത ആദിപുരുഷിനെതിരെ സമാജ്‌വാദി പാർട്ടി. സെൻസർ ബോർഡ് ധൃതരാഷ്ട്രരായി മാറിയോ? എന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രീയ മുതലാളിമാരുടെ പണം ഉപയോഗിച്ച്, ചില പ്രത്യേക അജണ്ടയിൽ സ്വേച്ഛാപരമായ സിനിമകളുണ്ടാക്കി ജനങ്ങളുടെ വിശ്വാസം വെച്ചു കളിക്കുന്നവർ, സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് അവരുടെ ‘രാഷ്ട്രീയ-സ്വഭാവ’ സർട്ടിഫിക്കറ്റ് പരിശോധിക്കണം. സെൻസർ ബോർഡ് ധൃതരാഷ്ട്രരായി മാറിയോ?,’അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ശ്രീരാമന്റെ മഹത്തായതും പ്രചോദനം നൽകുന്നതുമായ കഥാപാത്രത്തെയും കഥയെയും വിലകുറഞ്ഞ സംഭാഷണങ്ങളിലൂടെ ചെറുതാക്കാൻ ശ്രമിക്കിച്ചെന്ന് മറ്റൊരു സമാജ്‌വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് ആരോപിച്ചു. സനാതന വിശ്വാസികൾ ഈ പ്രവർത്തിയിൽ വേദനിക്കുന്നുണ്ടെന്നും സ്വയം സനാതന വിശ്വാസികൾ എന്ന് വിശേഷിപ്പിക്കുന്ന ബി.ജെ.പിക്കാർ രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സിനിമയുടെ നിർമാതാക്കൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ ലഖ്‌നൗ പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ആദിപുരുഷിനെച്ചൊല്ലിയുള്ള വാരണാസിയിലെ പ്രതിഷേധങ്ങൾക്കിടെ ചിത്രത്തിന്റെ പോസ്റ്റർ കീറുകയും ചെയ്തു.
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Samajwadi Party leader Akhilesh Yadav on Adipurush