മീററ്റ്: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായി സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പരസ്യഭീഷണി. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്നും, അവരെ ഒന്നും വെറുതെ വിടാന്‍ പോവുന്നില്ല എന്നുമായിരുന്നു എസ്.പി നേതാവായ ആദില്‍ ചൗധരിയുടെ ഭീഷണി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചൗധരി പറഞ്ഞത്. ബി.ജെ.പിയെയും ഹിന്ദുത്വ ശക്തികളെയും ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
‘നിങ്ങള്‍ ആശങ്കപ്പെടാതിരിക്കൂ. ഞങ്ങളാവും ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുന്നത്. ഇന്‍ഷാ അള്ളാ അവരില്‍ ഒരാളെ പോലും വെറുതെ വിടാന്‍ പോവുന്നില്ല. അവരെങ്ങനെയാണോ ഞങ്ങള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടത്, അതേ നാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടിക്കും.
അവര്‍ അവരുടെ തെറ്റ് അന്ന് മനസ്സിലാക്കും. പിന്നീടങ്ങോട്ട് ഞങ്ങളെ ആക്രമിക്കണമെന്ന് അവര്‍ക്ക് തോന്നിയാല്‍ തന്നെ അവര്‍ നൂറ് പ്രാവശ്യം ചിന്തിക്കും. വീട്ടില്‍ നിന്ന്. പുറത്തിറങ്ങാന്‍ പോലും അവര്‍ പേടിക്കും. പ്രിയ സഹോദരന്മാരെ അവരുമായുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ല,’ ചൗധരി പറഞ്ഞു.
കൈയടികളോടെയാണ് ആള്‍ക്കൂട്ടം ചൗധരിയുടെ വാക്കുകളെ ഏറ്റെടുത്തത്.
വീഡിയോ പുറത്തു വന്നതോടെ ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ടെക്‌നോളജി തലവനായ അമിത് മാളവ്യ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
‘മീററ്റ് സൗത്തില്‍ നിന്നും മത്സരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആദില്‍ ചൗധരി ഹിന്ദുക്കളെയൊന്നാകെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവര്‍ അധികാരത്തിലെത്തിയാല്‍ ആളുകളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഹിന്ദു വിരുദ്ധ ഗുണ്ടകളെയാണോ അഖിലേഷ് മത്സരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്,’ മാളവ്യ ട്വീറ്റ് ചെയ്തു.
അതേസമയം, ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.പി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഖിലേഷ് യാദവ് തന്നെയായിരിക്കും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് എസ്.പി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായി കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.
സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.
സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.
അഖിലേഷ് യാദവിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവുമായ മുലായം സിംഗ് യാദവ് അഞ്ച് തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമായ മെയിന്‍പുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒന്നാണ് കര്‍ഹാല്‍.
1993 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയെ, 2002ല്‍ ഒരിക്കല്‍ മാത്രമാണ് കര്‍ഹാല്‍ കൈവിട്ടത്. എന്നാല്‍ 2002ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു കയറിയ എം.എല്‍.എ പിന്നീട് എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.
Content Highlight: Samajwadi Party Leader Adil Choudhary’s Threats to BJP Go Viral