പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ എടുത്തുമാറ്റി പകരം ഭരണഘടന സ്ഥാപിക്കൂ; സമാജ്‌വാദി പാര്‍ട്ടി എം.പി ആര്‍.കെ. ചൗധരി
national news
പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ എടുത്തുമാറ്റി പകരം ഭരണഘടന സ്ഥാപിക്കൂ; സമാജ്‌വാദി പാര്‍ട്ടി എം.പി ആര്‍.കെ. ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 2:33 pm

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് ചെങ്കോല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. ചെങ്കോലിന് പകരം അവിടെ ഇന്ത്യന്‍ ഭരണഘടന സ്ഥാപിക്കണമെന്ന് എസ്.പി നേതാവ് ആര്‍.കെ. ചൗധരി പറഞ്ഞു.

ചെങ്കോല്‍ രാജഭരണത്തിന്റെ ചിഹ്നമാണെന്നും ജനാധിപത്യത്തില്‍ അതിന് സ്ഥാനമില്ലെന്നും ആര്‍.കെ. ചൗധരി ചൂണ്ടിക്കാട്ടി. ചെങ്കോല്‍ എടുത്തുമാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ചൗധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയക്കുകയും ചെയ്തു.

ആര്‍.കെ. ചൗധരി

ഭരണഘടനാ അംഗീകാരത്തിലൂടെ രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചു. ആ ജനാധിപത്യത്തിന്റെ ആധാരം എന്നത് ഭരണഘടനയാണ്. എന്നാല്‍ കഴിഞ്ഞ മോദി സര്‍ക്കാര്‍ സ്പീക്കറുടെ കസേരയ്ക്ക് സമീപത്തായി ചെങ്കോല്‍ സ്ഥാപിച്ചു.

ഇന്ത്യ രാജഭരണത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് എത്തിയിട്ട് കാലങ്ങളായി. ജനാധിപത്യം സംരക്ഷിക്കാന്‍ ചെങ്കോല്‍ മാറ്റി ഭരണഘടന സ്ഥാപിക്കണമെന്ന് മുന്‍ ഉത്തര്‍പ്രദേശ് മന്ത്രി കൂടിയായ ആര്‍.കെ. ചൗധരി വ്യക്തമാക്കി.

ഇന്ത്യ നിലനില്‍ക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ചെങ്കോല്‍ നീക്കം ചെയ്ത് ആ സ്ഥാനത്ത് ഭരണഘടന സ്ഥാപിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ബി. മാണിക്കം ടാഗോറും സമാജ് വാദി പാര്‍ട്ടിയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. ചൗധരിയുടെ പരാമര്‍ശത്തെ അനുകൂലിച്ച് ആര്‍.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതിയും പ്രതികരിച്ചു.

ജനാധിപത്യത്തെയാണ് ആഘോഷിക്കേണ്ടത് അല്ലാതെ രാജാവിനെയോ വ്യക്തികളെയോ അല്ലെന്ന് ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം നേരത്തെ രാമചരിതത്തെ എതിര്‍ത്ത സമാജ്‌വാദി പാര്‍ട്ടി ഇപ്പോള്‍ തമിഴ് സംസ്‌കാരത്തെയും അതിന്റെ ഭാഗമായ ചെങ്കോലിനെയും എതിര്‍ക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ചെങ്കോലിനെ അധിക്ഷേപിക്കുന്ന എസ്.പിയുടെ നീക്കത്തെ അനുകൂലിക്കുന്നുണ്ടോയെന്ന് ഡി.എം.കെ വ്യക്തമാക്കണമെന്നും ബി.ജെ.പി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് സമീപത്ത് ചെങ്കോല്‍ സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. അധികാരം കൈമാറുന്നതിന്റെ പ്രതീകമാണ് ചെങ്കോല്‍ എന്നായിരുന്നു പ്രതിഷേധത്തില്‍ ബി.ജെ.പി നല്‍കിയ വിശദീകരണം.

Content Highlight: Samajwadi Party demands removal of Sengol from Parliament