ഭോപ്പാല്‍: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടിയും. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്വാദി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു കഴിഞ്ഞു.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്ത ഘട്ടം വന്നാല്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ കോണ്‍ഗ്രസ് തേടിയിരുന്നു. ഇതിന് പിന്നാലെ ബി.എസ്.പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസിനുള്ള തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം മായാവതി നിരസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസിന് പിന്തുണ നല്കാന് തയ്യാറാണെന്ന് പാര്‍ട്ടി അറിയിക്കുകയായിരുന്നു.
ബി.എസ്.പിയും എസ്.പിയും ഒപ്പം നില്ക്കും; പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ്
അതിനിടെ ബി.എസ്.പി നേതാവ് മായാവതി തങ്ങളുടെ എല്ലാ എം.എല്‍.എമാരോടും ദല്‍ഹിയില്‍ എത്തിച്ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താനാണ് എം.എല്‍.എമാരോട് ദല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മധ്യപ്രദേശില്‍ ബി.ജെ.പിയും ബി.എസ്.പിയുടെ പിന്തുണ തേടിയതായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കുകയെന്ന് ബി.എസ്.പി വ്യക്തമാക്കുകയായിരുന്നു.
ബി.എസ്.പിയും എസ്.പിയും വൈകാതെ തന്നെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഇരുപാര്‍ട്ടികളും ബി.ജെ.പിക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ടും പ്രതികരിച്ചിരുന്നു.
എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉണ്ടാകും. അക്കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിക്കെതിരാണ് ഇരുപാര്‍ട്ടികളും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.