10 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പൗരന്മാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണം: അഖിലേഷ് യാദവ്
NATIONALNEWS
10 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് പൗരന്മാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രം വ്യക്തമാക്കണം: അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 9:24 pm

ന്യൂദൽഹി: സി.എ.എ വിജ്ഞാപനത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയുടേത് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

ബി.ജെ.പിയുടെ പത്ത് വർഷ ഭരണ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് പൗരന്മാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ പൗരന്മാർ വിദേശത്തേക്ക് പോകാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിൽ, പൗരത്വ നിയമം നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനം എന്താണെന്നും അദ്ദേഹം ചോദ്യമുയർത്തി.

‘പാവപ്പെട്ടവരെ വോട്ട് ബാങ്കാക്കാൻ വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണ്. കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഭരണഘടനയ്ക്ക് എതിരാണ്,’ ദൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.

സി.എ.എ വിജ്ഞാപനത്തിൽ, പൗരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന നിയമത്തെ ശക്തമായി എതിർക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും മമത കൂട്ടിച്ചേർത്തു.

വിജ്ഞാപനത്തിൽ പറയുന്ന ചട്ടങ്ങൾ വിശദമായി പഠിച്ചതിന് ശേഷം വിഷയത്തിൽ പ്രതികരിക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാർ സി.എ.എ വിജ്ഞാപനം നടത്തിയത് സമൂഹത്തെ ധ്രൂവീകരിക്കാൻ വേണ്ടിയാണെന്നും സി.പി.ഐ.എം വ്യക്തമാക്കി. അതേസമയം സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Content Highlight: Samajwadi leader Akhilesh Yadav strongly criticized the central government on the CAA notification