കവിത | ലോര്‍ക
മൊഴിമാറ്റം | സ്വാതി ജോര്‍ജ്
വര | മജ്‌നി
വെളിച്ചത്തിന്റെ പൂവ്
ജലത്തിന്റെ പൂവ്
ഞാന്‍: എനിക്ക് കാണാന്‍ കഴിയാതെ, തീയാളുന്ന മാറോടെ,
അത് നീയായിരുന്നോ?
അവള്‍:എത്ര വട്ടം ഉരുമ്മി നിന്നെ,
എന്റെ ഉടുപ്പിന്റെ നാടകള്‍?
ഞാന്‍: അടച്ചിട്ട നിന്റെ തൊണ്ടയില്‍, കേള്‍ക്കുന്നു ഞാന്‍,
എന്റെ കുഞ്ഞുങ്ങളുടെ വെളുത്ത ഒച്ചകള്‍.
അവള്‍: നിന്റെ കുഞ്ഞുങ്ങള്‍, വിളറിയ വജ്രങ്ങള്‍ പോലെ,
എന്റെ കണ്ണുകളില്‍ നീന്തുന്നു.
ഞാന്‍: എന്റെ പ്രണയമേ, അത് നീയായിരുന്നോ? എങ്ങായിരുന്നു നീ, കൂന്തലിന്‍ അനന്തമേഘങ്ങള്‍ക്ക് പിന്നാലെ?
അവള്‍: നിലാവില്‍. നീ ചിരിക്കയോ? എന്നാല്‍,
നാര്‍സ്സിസസ് പൂക്കള്‍ക്കുചുറ്റും.
ഞാന്‍: എന്റെ നെഞ്ചില്‍, ഉറങ്ങാന്‍ വിടാതെ,
പ്രാചീനചുംബനങ്ങളുടെ ഒരു സര്‍പ്പം.
അവള്‍: നിമിഷം വീണു തുറന്നു, പിന്നെയെന്റെ നെടുവീര്‍പ്പുകളില്‍
അതിന്റെ വേരുകള്‍ ആഴ്ത്തി.
ഞാന്‍: ഒരൊറ്റയിളംകാറ്റാല്‍ ചേര്‍ത്ത് വയ്ക്കപ്പെട്ട്, മുഖത്തോട് മുഖം,
അറിഞ്ഞതില്ല നാം പരസ്പരം!
അവള്‍: ചില്ലകള്‍ക്ക് കനം വയ്ക്കുന്നു, പോവുക.
നാം രണ്ടാളും ജനിച്ചിട്ടേയില്ലാത്തവര്‍!
വെളിച്ചത്തിന്റെ പൂവ്.
ജലത്തിന്റെ പൂവ്.
……………………………………..
ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക
ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക, ലോര്‍ക എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്നു സ്പാനിഷ് കവി, നാടകരചയിതാവ്, നാടക സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. സ്പാനിഷ് ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടു. ജെനറേഷന്‍ ഓഫ് 27 എന്ന സംഘടനയുടെ അടയാളമായി ഇദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെടുന്നു.
1921 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിതസമാഹാരം പ്രസിദ്ധീകരിച്ചത്. 1918 മുതലുള്ള ഇദ്ദേഹത്തിന്റെ കൃതികളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മതവിശ്വാസം, ഒറ്റപ്പെടല്‍, പ്രകൃതി എന്നിവയെ ഉല്‍ക്കൊള്ളുന്ന കവിതകളായിരുന്നു അവയെല്ലാം. പതിനഞ്ചോളം കവിതാ സമാഹാരങ്ങളും, അത്രയോളം തന്നെ നാടകങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
സ്വാതി ജോര്‍ജ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മജ്‌നി തിരുവങ്ങൂര്‍
കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.