| Wednesday, 3rd May 2023, 9:14 pm

മലയാള സിനിമയില്‍ പലര്‍ക്കും കോക്കസ് ഉണ്ട്, അങ്ങനെയൊരു ടീമുണ്ടാക്കുന്നതില്‍ ജയറാം പരാജയപ്പെട്ടു: സമദ് മങ്കട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാം നല്ല ടൈമിങ്ങും ഫ്‌ലെക്‌സിബിലിറ്റിയും ഉള്ള നടനാണെന്ന് നിര്‍മാതാവും സംവിധായകനുമായ സമദ് മങ്കട. എന്നാല്‍ മലയാള സിനിമ അദ്ദേഹത്തെ വേണ്ടത്ര ഗൗനിക്കുകയും പ്രാധാന്യം നല്‍കുകയും ചെയ്തിട്ടില്ല എന്ന് മാസ്റ്റര്‍ ബിന്‍ ഒഫീഷ്യലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 2006ല്‍ പുറത്തിറങ്ങിയ, സമദ് സംവിധാനം ചെയ്ത മധുചന്ദ്രലേഖ എന്ന് ആചിത്രത്തില്‍ ജയറാം ആയിരുന്നു നായകന്‍.

‘മറ്റുള്ളവരുടെ കൂടെ കോമ്പിനേഷന്‍ സീന്‍ ചെയ്യുമ്പോള്‍ ജയറാം വളരെ ശ്രദ്ധ നേടിയിട്ടുണ്ട്. അദ്ദേഹം ബോധപൂര്‍വ്വം മലയാള സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. സിനിമ അങ്ങിനെയാണ്, ഒരാള്‍ താഴ്‌ന്നെങ്കിലേ മറ്റൊരാള്‍ക്കു ഉയരുവാന്‍ കഴിയു, ചിലപ്പോള്‍ മറ്റുള്ളവര്‍ ഒതുക്കിയതുമാവാം.

അദ്ദേഹം അവസരങ്ങള്‍ക്കായി ആരുടേയും പിറകെ പോയിട്ടില്ല. അദ്ദേഹത്തിന് ഒരു കോക്കസ് ഇല്ല. പലര്‍ക്കും കോക്കസ് ഉണ്ട്. കോക്കസ് എന്നതിലുപരി അവര്‍ക്ക് ടീം ഉണ്ട്. ഇപ്പോള്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒരു ടീം ഉണ്ട്. എന്നാല്‍ ജയറാമിന് ഒരു ടീം ഇല്ല. അങ്ങനെയൊരു ടീം ഉണ്ടാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു,’ സമദ് മങ്കട പറഞ്ഞു.

അന്യഭാഷകളില്‍ ജയറാം ചെയ്ത വേഷങ്ങളെല്ലാം വളരെ പ്രാധാന്യം ഉള്ളതാണ്. ഉത്തമ വില്ലന്‍, തുപ്പാക്കി, ഭാഗമതി, അല വൈകുണ്ടപുരമുലൂ എന്നീ ചിത്രങ്ങള്‍ അത്തരത്തില്‍ ശ്രദ്ധ നേടിയതാണ്. കൂടാതെ സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് ജയറാം കാഴ്ച വച്ചിരിക്കുന്നത്. ആള്‍വാര്‍ക്കടിയാന്‍ നമ്പി എന്ന കഥാപാത്രം രൂപം കൊണ്ടും, അഭിനയം കൊണ്ടും പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്.

ഖുശി, ഗെയിം ചെയ്‌ഞ്ചെര്‍ എന്നീ തെലുങ്ക് ചിത്രങ്ങളും, ഗോസ്റ്റ് എന്ന കന്നഡ ചിത്രവുമാണ് ജയറാമിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

Content Highlight: samad mankada about jayaram

We use cookies to give you the best possible experience. Learn more