| Friday, 2nd August 2019, 12:08 pm

കോണ്‍ഗ്രസ് കോര്‍പറേറ്റ് മാതൃകയിലേക്ക് മാറണം; തിരിച്ചുവരവിന് പാര്‍ട്ടി ഘടന മാറണമെന്ന് സാം പിത്രോഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനം കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിനായി സംഘടനാ സംവിധാനത്തില്‍ മാറ്റം ആവശ്യപ്പെട്ട് കൊണ്ട് രാഹുല്‍ഗാന്ധിയുടെ വിശ്വസ്തന്‍ സാം പിത്രോഡയുടെ റിപ്പോര്‍ട്ട്.

രണ്ടാഴ്ച മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ഇതിലെ ഇരുപതോളം നിര്‍ദേശങ്ങളിലൊന്ന് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും കോര്‍പറേറ്റ് മാതൃകയിലേക്ക് മാറ്റണമെന്നാണ്. ഇതിനായി ഒരു ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍, ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവ വേണമെന്നും പാര്‍ട്ടി പദവി വഹിക്കുന്നവര്‍ക്ക് കൃത്യമായ ജോലി നിശ്ചയിച്ച് കൊടുക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചീഫ് ടെക്‌നിക്കല്‍ ഓഫീസറെ എ.ഐ.സി.സിയില്‍ മാത്രമല്ല സംസ്ഥാന ഘടകങ്ങളിലെല്ലാം നിയമിക്കണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും പാര്‍ട്ടിയുടെ ഡാറ്റാ അനലറ്റിക്‌സ് വിഭാഗത്തെയും സി.ടി.ഒ മാനേജ് ചെയ്യണമെന്ന് പിത്രോഡ പറയുന്നു.

ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് പാര്‍ട്ടി പദവികളുള്ളവര്‍ക്ക് ജോലി നിശ്ചയിക്കുന്നതിനൊപ്പം റേറ്റിങ് സംവിധാനം കൊണ്ടു വരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി രാജിവെക്കുമ്പോള്‍ സൂചിപ്പിച്ച നേതാക്കളുടെ ചുമതലാബോധം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണിത്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയ്ക്ക് അനുബന്ധമായി പൂര്‍ണ്ണമായും പാര്‍ട്ടിയ്ക്ക് പുറത്തുള്ള പ്രൊഫഷണലുകളുള്‍പ്പെടെയുള്ള പത്ത് വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നും നിര്‍ദേശം മുന്നോട്ട് വെക്കുന്നുണ്ട്. അടുത്ത അറുപത് ദിവസത്തിനുള്ളില്‍ തകര്‍ന്ന് പോയ സംഘടനാ സംവിധാനം തിരിച്ചുകൊണ്ടു വരാന്‍ ഗെയിംപ്ലാന്‍ പാര്‍ട്ടി തയ്യാറാക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മിഷന്‍ 2020 എന്നാണ് പിത്രോഡ ഇതിനെ വിശേഷിപ്പിക്കുന്നത്.

അതേസമയം പിത്രോഡയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. കോര്‍പറേറ്റ്‌വത്ക്കരണം എന്ന ആശയം നടപ്പിലാക്കാന്‍ കഴിയില്ലെന്നും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകനായ എന്‍. ഭാസ്‌ക്കര റാവു പറഞ്ഞു. സേവാദള്‍ പോലുള്ള മാതൃകകളാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും കോര്‍പറേറ്റ്‌വത്ക്കരണത്തിലൂടെ കൂടുതല്‍ ജനങ്ങളില്‍ നിന്നകലുകയേ ഉള്ളൂവെന്നും ഭാസ്‌ക്കര റാവു പറഞ്ഞു.

ആഗസ്റ്റ് എട്ടിനോ ഒമ്പതിനോ ആണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുന്നത്.

We use cookies to give you the best possible experience. Learn more