| Wednesday, 8th May 2024, 7:30 pm

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സാം പിത്രോദ; തീരുമാനം അംഗീകരിച്ചതായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സാം പിത്രോദ. തീരുമാനം അംഗീകരിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ആളുകളുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് രാജി.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ഏതാനും പരാമര്‍ശങ്ങളാണ് വിവാദമായത്. വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത് ആയ സാം പിത്രോദ ഒരു വംശവെറിയന്‍ ആണെന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സാം പിത്രോദയുടെ രാജി.

ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്ക് ഭാഗത്തുള്ളവര്‍ വെള്ളക്കാരോട് സാദൃശ്യമുള്ളവര്‍ ആണെന്നുമായിരുന്നു പിത്രോദയുടെ പരാമര്‍ശം. രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ളവര്‍ ചൈനക്കാരോട് സാദൃശ്യമുള്ളവര്‍ ആണെന്നും പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ അറബികളെ പോലെയാണെന്നും പിത്രോദ പറഞ്ഞിരുന്നു.

ഇന്ത്യയിലെ വൈവിധ്യങ്ങളെ കോണ്‍ഗ്രസ് എങ്ങനെയാണ് നിലനിര്‍ത്തിയതെന്ന ചോദ്യത്തിനുള്ള സാം പിത്രോദയുടെ മറുപടിയായിരുന്നു ഇത്.

അതേസമയം പിത്രോദയുടെ പരാമര്‍ശം തെറ്റാണെന്നും അംഗീകരിക്കാനാവാത്തതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിത്രോദയുടെ പരാമര്‍ശങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നുവെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.

Content Highlight: Sam Pitroda resigned from the post of Indian Overseas Congress Chairman

We use cookies to give you the best possible experience. Learn more