| Saturday, 6th April 2024, 8:32 pm

335 നോട്ട് ഔട്ടോ 😲; ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യയുടെ നാണക്കേട് കഴുകിക്കളയാന്‍ 'ഗ്ലാമര്‍ സാമിന്റെ' റണ്‍ മഴ

സ്പോര്‍ട്സ് ഡെസ്‌ക്

കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍സെക്‌സിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഗ്ലാമര്‍ഗോണ്‍ നായകന്‍ സാം നോര്‍ത്ത് ഈസ്റ്റ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ 412 പന്തില്‍ പുറത്താകാതെ 335 റണ്‍സ് നേടിയാണ് താരം ചരിത്രം കുറിച്ചത്.

36 ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 81.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്തത്.

ഈ ട്രിപ്പിള്‍ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഗ്ലാമര്‍ഗോണ്‍ നായകന്‍ സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗ്രഹാം ഗൂച്ചിന്റെ പേരിലാണ് ഈ റെക്കോഡുണ്ടായിരുന്നത്. 1990ല്‍ ഇന്ത്യക്കെതിരെ ഗൂച്ച് നേടിയ 333 റണ്‍സിന്റെ സ്‌കോറാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്.

ലോര്‍ഡ്‌സിലെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സാം നോര്‍ത്ത്ഈസ്റ്റ് – ഗ്ലാമര്‍ഗോണ്‍ – മിഡില്‍സെക്‌സ് – 335* – 2024

ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – ഇന്ത്യ – 333 – 1990

ജാക് ഹോബ്‌സ് – സറേ – മിഡില്‍സെക്‌സ് – 316* – 1926

പേഴ്‌സി ഹോംസ് – യോര്‍ക്‌ഷെയര്‍ – മിഡില്‍സെക്‌സ് – 315* – 925

മാര്‍ക് വോ – വാര്‍വിക്‌ഷെയര്‍ – മിഡില്‍സെക്‌സ് – 315 – 2001

നോര്‍ത്ത് ഈസ്റ്റിന് പുറമെ കോളിന്‍ ഇന്‍ഗ്രിമും സ്‌കോറില്‍ നിര്‍ണായകമായി. 165 പന്തില്‍ പുറത്താകാതെ 132 റണ്‍സാണ് താരം നേടിയത്.

കിരണ്‍ കാള്‍സണ്‍ (132 പന്തില്‍ 77), ബില്ലി റൂട്ട് (106 പന്തില്‍ 67) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഒടുവില്‍ ടീം സ്‌കോര്‍ മൂന്ന് വിക്കറ്റിന് 620ല്‍ നില്‍ക്കവെ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മിഡില്‍സെക്‌സ് 15 ഓവര്‍ പിന്നിടുമ്പോള്‍ 36 എന്ന നിലയിലാണ്. 51 പന്തില്‍ 21 റണ്‍സുമായി സാം റോബ്‌സണും 40 പന്തില്‍ 13 റണ്‍സുമായി മാര്‍ക് സ്റ്റോണ്‍മാനുമാണ് ക്രീസില്‍.

Content Highlight: Sam Northeast created history in Lords

We use cookies to give you the best possible experience. Learn more