ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ 86 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ നേടിയത് ജസ്പ്രീത് ബുംറയാണ്. ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ജസ്പ്രീത് ബുംറയെ സിക്‌സറിന് തൂക്കി വരവറിയിച്ച അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് 65 പന്തില്‍ 60 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേജയാണ് താരത്തെ പുറത്താക്കിയത്.
നാലാം ടെസ്റ്റിലെ ആദ്യ ദിനം മത്സരം അവസാനിച്ചപ്പോള്‍ അരങ്ങേറ്റക്കാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. ജസ്പ്രീത് ബുംറയ്‌ക്കെതിരെ താന്‍ മെനഞ്ഞ ഗെയിം പ്ലാനിനെക്കുറിച്ചാണ് കോണ്‍സ്റ്റസ് പറഞ്ഞത്. ബുംറയുടെ അസാധാരണമായ ബൗളിങ് ആക്ഷനെക്കുറിച്ച് മനസിലാക്കാനാണ് തുടക്കത്തില്‍ താന്‍ ശ്രമിച്ചതെന്നാണ് ഓസ്‌ട്രേലിയന്‍ താരം പറയുന്നത്. ബുംറയ്ക്കെതിരെ കളിക്കേണ്ട ഷോട്ടുകളെ കുറിച്ച് നേരത്തെ ഒരു ധാരണയുണ്ടാക്കിയെടുത്തിരുന്നെന്നും അതിന് ടീം തനിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയെന്നും താരം പറഞ്ഞു.
‘ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ മനസിലാക്കാനായിരുന്നു ആദ്യത്തെ ഓവറില്‍ ശ്രമിച്ചത്. അദ്ദേഹത്തിനെതിരായ ഷോട്ട് മുന്‍കൂട്ടി തന്നെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതു ക്രിക്കറ്റ് മാത്രമാണ്, സമ്മര്‍ദവുമുണ്ടായിരുന്നു. ടീം എല്ലാ സ്വാതന്ത്ര്യവും എനിക്ക് നല്‍കിയിരുന്നു. ബുംറ ഒരു ഇതിഹാസമാണ്. അദ്ദേഹത്തിനു മേല്‍ അല്‍പ്പം സമ്മര്‍ദം ചെലുത്തി, അതില്‍ വിജയിക്കുകയും ചെയ്തു,’ കോന്‍സ്റ്റാസ് പറഞ്ഞു.
ഓപ്പണര്‍ സാം കോണ്‍സ്റ്റസുമായുള്ള വിരാട് കോഹ്‌ലിയുടെ ‘കൂട്ടിയിടിയാണ്’മത്സരത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു വിഷയം. വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു. ഇതോടെ വിരാടിന് ഐ.സി.സി മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി.
Content Highlight: Sam Konstas Talking About Jasprit Bumrah