2024 ഐ.പി.എല്ലിലെ 27ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. സീസണിലെ രാജസ്ഥാന്റെ അഞ്ചാം വിജയമായിരുന്നു ഇത്.
പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു അവിസ്മരണീയമായ നേട്ടമാണ് പഞ്ചാബിന്റെ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറന്‍ സ്വന്തമാക്കിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഇംഗ്ലണ്ട് സൂപ്പര്‍താരം സാം കറന്‍ ആയിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്.
പഞ്ചാബ് ബൗളിങ്ങില്‍ തകർപ്പൻ പ്രകടനമാണ് കറന്‍ നടത്തിയത്. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. രാജസ്ഥാന്‍ താരങ്ങളായ റോവ്മാന്‍ പവല്‍, കേശവ് മഹാരാജ് എന്നിവരെയാണ് സാം കറന്‍ പുറത്താക്കിയത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ട് താരം സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 50 വിക്കറ്റുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്കാണ് സാം കറന്‍ കാലെടുത്തുവെച്ചത്.
സാമിന് പുറമെ കാഗിസോ റബാദ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. പഞ്ചാബ് ബാറ്റിങ്ങിൽ 16 പന്തില്‍ 31 റണ്‍സ് നേടിയ അശുതോഷ് ശര്‍മയാണ് ടോപ് സ്‌കോറര്‍. 193.75 ഒരു ഫോറും മൂന്ന് സിക്‌സുകളുമാണ് താരം നേടിയത്.
ജിതേഷ് ശര്‍മ 24 പന്തില്‍ 29 ലിയാം ലിവിങ്സ്റ്റണ്‍ 14 പന്തില്‍ 21 റണ്‍സും നേടി.
രാജസ്ഥാന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ്, ആവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ട്രെന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രാജസ്ഥാനായി ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 28 പന്തില്‍ 39 റണ്‍സും ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍ 10 പന്തില്‍ 27 റണ്‍സും നേടി നിര്‍ണായകമായി.
Content Highlight: Sam Curren compleated 50 wickets in IPL