ലോകകപ്പ് ഇന്ത്യ നേടും'; കാരണം വെളിപ്പെടുത്തി സാം കറൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 6:16 pm
ആവേശകരമായ ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ലോകകപ്പ് ആര് സ്വന്തമാക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ സാം കറൻ.
ആതിഥേയരായ ഇന്ത്യയാണ് ലോകകപ്പ് നേടാൻ സാധ്യതയുള്ളതെന്നാണ് കറൻ പറഞ്ഞത്. ‘ഇന്ത്യ സ്വന്തം രാജ്യമാണെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യ ലോകകപ്പ് നേടാനുള്ള ഫേവറൈറ്റുകളാണ്’, കറൻ ജിക്യൂ മാഗസിനോട് പറഞ്ഞു.
‘രോഹിത് ശർമയുടെ കീഴിലുള്ള ഇന്ത്യൻ ടീമിന് സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാൻ സാധിക്കും. അതിനാൽ അവരാണ് ലോകകപ്പ് നേടാൻ അനുയോജ്യർ,’ അദ്ദേഹം കൂട്ടിചേർത്തു.
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പിടി മികച്ച താരങ്ങളുമായാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം സ്വന്തം തട്ടകത്തിൽ കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. 2011 ന് ശേഷം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യൻ മണ്ണിൽ എത്തി നിൽക്കുമ്പോൾ ധോണിക്ക് ശേഷം രോഹിതും ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഒക്ടോബർ എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിർത്താനാണ് ഇന്ത്യൻ മണ്ണിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയിരുന്നു ഇംഗ്ലണ്ടിന്റെ സാം കറൻ. സമീപകാലത്ത് ത്രീ ലയൺസ് ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. എന്നാൽ ക്രിസ് വോക്സും, മോയിൻ അലിയും ടീമിൽ ഉള്ളതിനാൽ കറന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.
Content Highlight: Sam Curran predicts the worldcup winners.