ബട്ലർ വേഗം ഔട്ടായാലും വിഷയമില്ല; ക്യാപ്റ്റന്റെ ആക്രമണ ബാറ്റിങ്ങിനെ പ്രശംസിച്ച് സാം കറൻ
Cricket
ബട്ലർ വേഗം ഔട്ടായാലും വിഷയമില്ല; ക്യാപ്റ്റന്റെ ആക്രമണ ബാറ്റിങ്ങിനെ പ്രശംസിച്ച് സാം കറൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd October 2023, 9:46 pm

ഐ.സി.സി ഏകദിന ലോകകപ്പ്‌ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലറിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ.

ബട്ലർ തന്റെ സ്വാഭാവിക ബാറ്റിങ് ശൈലി മാറ്റുകയില്ലെന്നും തുടക്കത്തിൽ തന്നെ ആക്രമണത്തിലൂടെ കൂടുതൽ റൺസ് സ്കോർ ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നുമാണ് കറൻ അഭിപ്രായപ്പെട്ടത്.

ഇംഗ്ലണ്ടിന്റെ ആക്രമണോത്സക്തമായ ബാറ്റിങ് ലോകകപ്പിലും തുടരുമെന്നും കറൻ മുന്നറിയിപ്പ് നൽകി.

‘ഞങ്ങളുടെ ടീം തുടക്കത്തിൽ തന്നെ അക്രമണത്തോടെയാണ് കളിക്കേണ്ടതെന്ന് ബട്ലർ ആഗ്രഹിക്കുന്നു. മത്സരത്തിൽ സുരക്ഷിതമായ സ്കോറിലേക്ക് മുന്നേറാൻ പോസിറ്റീവ് ഉദ്ദേശത്തോടെ ബാറ്റ് ചെയ്യുമ്പോൾ കുറഞ്ഞ സ്കോറിന് ജോസ് പുറത്തായാലും ഞങ്ങൾക്ക് പ്രശ്നമില്ല. അദ്ദേഹം എപ്പോഴും ആക്രമിച്ചു കളിക്കാനും എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കാനുമാണ് ആഗ്രഹിക്കുന്നത്. കളി കാണുന്നവർ സിക്സറും ഫോറും വിക്കറ്റും എല്ലാം കാണാനാണ് അവർ ആഗ്രഹിക്കുക,’ സാം കറൻ ജി.ക്യു മാസികയോട് പറഞ്ഞു.

ഏകദിനത്തിൽ നിന്നും വിരമിച്ച് ലോകകപ്പിന്റെ സമയമായപ്പോൾ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തിയ ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെക്കുറിച്ചും സാം പറഞ്ഞു.

‘ബെൻസ്റ്റോക്സിന്റെ വരവോടുകൂടി ഇംഗ്ലണ്ട് ടീം ടെസ്റ്റ് ശൈലിയിൽ കളിക്കുന്നതാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. എന്നാൽ ഇതിൽ നിന്നും മാറികൊണ്ട് കളിക്കാർ അക്രമിച്ചു കളിക്കാൻ ആഗ്രഹിക്കുന്നു,’ കറൻ കൂട്ടിചേർത്തു.

സമീപകാലങ്ങളിൽ ഇംഗ്ലണ്ട് ടീം വൈറ്റ് ബോൾ ഫോർമാറ്റിൽ ആക്രമണസൂക്തമായ ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാഗമായി മാറുകയും ചെയ്തു. ജോസ് ബട്ലറിന്റെ കീഴിൽ ഇതേ ശൈലിയിൽ തന്നെയായിരിക്കും നിലവിലെ ചാമ്പ്യന്മാർ ലോകകപ്പിൽ ബാറ്റ് വീശുക. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച താരങ്ങളുള്ളതാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ലോകകിരീടം നിലനിർത്താനാണ് ഇംഗ്ലീഷ് പട ഇന്ത്യൻ മണ്ണിലേക്ക് വിമാനം കയറിയത്.

ലോകകപ്പിൽ ഒക്ടോബർ അഞ്ചിന് ന്യൂസിലൻഡിനെതിരെ യാണ് നിലവിലെ ചാമ്പ്യന്മാരുടെ ആദ്യ മത്സരം.

Content Highlight: Sam curran praises Jos butler batting performance.