| Saturday, 17th June 2023, 4:34 pm

ഈ കളി ഇവിടെ കളിച്ചിരുന്നെങ്കില്‍ പഞ്ചാബ് കപ്പടിച്ചേനേ; അഞ്ച് വിക്കറ്റില്‍ ആറാടി പഞ്ചാബ് കിങ്‌സിന്റെ കോടിപതി

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ബ്ലാസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങി സൂപ്പര്‍ താരം സാം കറന്‍. ടൗടണിലെ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സറേ- സോമര്‍സെറ്റ് മത്സരത്തിലാണ് സറേക്ക് വേണ്ടി കറന്‍ ബൗളിങ്ങില്‍ തിളങ്ങിയത്.

നാല് ഓവറില്‍ വെറും 26 റണ്‍സ് വഴങ്ങിയാണ് കറന്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. ക്യാച്ചിലൂടെയായിരുന്നു കറന്റെ അഞ്ച് വിക്കറ്റും പിറന്നത്. ടോപ് ഓര്‍ഡറിനെ മുഴുവന്‍ തരിപ്പണമാക്കിയ ശേഷം സോമര്‍സെറ്റിന്റെ മിഡില്‍ ഓര്‍ഡറിനെയും പരീക്ഷിച്ചാണ് കറന്‍ തിളങ്ങിയത്.

ഓപ്പണര്‍ വില്‍ സ്മീഡിനെ മടക്കിയാണ് കറന്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നാല് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടി നില്‍ക്കവെ ടോം ലാവേസിന്റെ കൈകളിലെത്തിച്ചാണ് കറന്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയത്. സ്‌പെല്ലിലെ അടുത്ത ഓവറില്‍ വണ്‍ ഡൗണ്‍ ബാറ്ററായ ടോം കോലര്‍ കാഡ്‌മോറിനെയും കറന്‍ പുറത്താക്കി. ഗസ് ആറ്റ്കിന്‍സണാണ് ഇത്തവണ ക്യാച്ചെടുത്തത്.

അര്‍ധ സെഞ്ച്വറിയുമായി മുന്നോട്ട് കുതിക്കുകയായിരുന്ന ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ടോം ബാന്റണായിരുന്നു കറന്റെ അടുത്ത ഇര. 37 പന്തില്‍ നിന്നും നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമായി 53 റണ്‍സ് നേടി നില്‍ക്കവെ വില്‍ ജാക്‌സിന്റെ കൈകളിലെത്തിച്ചാണ് കറന്‍ മൂന്നാം വിക്കറ്റും വീഴ്ത്തിയത്.

ക്യാപ്റ്റന്‍ ലൂയീസ് ഗ്രിഗറി (1), ക്രെയ്ഗ് ഓവര്‍ട്ടണ്‍ (1) എന്നിവരെയും പുറത്താക്കിയാണ് കറന്‍ ഫൈഫര്‍ തികച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സറേക്കായി ഓപ്പണര്‍മാര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 71 റണ്‍സാണ് ഓപ്പണര്‍മാരായ വില്‍ ജാക്‌സും ലോറി എവാന്‍സും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

25 പന്തില്‍ നിന്നും 28 റണ്‍സ് നേടിയ എവാന്‍സിന്റെ വിക്കറ്റാണ് സറേക്ക് ആദ്യം നഷ്ടമായത്. എവാന്‍സ് പുറത്തായതിന് ശേഷവും പിന്നാലെയെത്തിയവരെ കൂട്ടുപിടിച്ച് ജാക്‌സ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.

ഒടുവില്‍ 14 ഓവറിലെ അഞ്ചാം പന്തില്‍ ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ ജാക്‌സ് പുറത്തായി. 43 പന്തില്‍ നിന്നും നാല് വീതം സിക്‌സറും ബൗണ്ടറിയുമായി 60 റണ്‍സാണ് താരം നേടിയത്.

സറേക്കായി ക്യാപ്റ്റന്‍ ക്രിസ് ജോര്‍ദനും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തി. 16 പന്തില്‍ നിന്നും നാല് സിക്‌സറിന്റെ അകമ്പടിയോടെ 36 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് സറേ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സോമര്‍സെറ്റിനെ കറന്‍ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. സാം കറനൊപ്പം ക്രിസ് ജോര്‍ദന്‍ രണ്ട് വിക്കറ്റുമായി ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ സോമര്‍സെറ്റ് ഇന്നിങ്‌സ് 167ല്‍ അവസാനിച്ചു. ഇതോടെ 28 റണ്‍സിന്റെ വിജയം സറേ സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ സൗത്ത് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും കെന്റിനായി. ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് വിജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സറേ.

ഞായറാഴ്ചയാണ് സറേയുടെ അടുത്ത മത്സരം. ഹാംഷെയറാണ് എതിരാളികള്‍.

Content Highlight: Sam Curran completes Fifer in T20 Blast

We use cookies to give you the best possible experience. Learn more