ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലുവിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് മുമ്പ് തന്നെ പല റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കുന്നതായിരുന്നു. ആദ്യഭാഗത്തിനെക്കാള്‍ ഇരട്ടി ബജറ്റിലാണ് പുഷ്പ 2 ഒരുങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിനായി നാല് സംഗീതസംവിധായകര്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്.
ആദ്യ ഭാഗത്തിലെ സംഗീതസംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ ദേവി ശ്രീ പ്രസാദിനൊപ്പം സാം സി.എസ്, അജനേഷ് ലോകനാഥ്, എസ്. തമന്‍ എന്നിവര്‍ ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തില്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയ ഡി.എസ്.പി രണ്ടാം ഭാഗത്തില്‍ പാട്ടുകള്‍ മാത്രമേ ചിട്ടപ്പെടുത്തുകയുള്ളൂ എന്നാണ് അറിയാന്‍ കഴിയുന്നത്. ആദ്യഭാഗത്തിനായി ഡി.എസ്.പി ഒരുക്കിയ പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്റേഴ്‌സ് ആയിരുന്നു.
മാസ് സിനിമകളെ തന്റെ ബി.ജി.എം. കൊണ്ട് തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ കെല്പുള്ള സംഗീതസംവിധായകനാണ് എസ്. തമന്‍. ബാലകൃഷ്ണയുടെ സിനിമകളായ അഖണ്ഡ, വീരസിംഹറെഡ്ഡി എന്നിവകളെ ഗംഭീര തിയേറ്റര്‍ എക്‌സ്പീരയന്‍സാക്കാന്‍ തമന്റെ ബി.ജി.എം വഹിച്ച പങ്ക് ചെറുതല്ല. തമനും അല്ലുവും ഇതിന് മുമ്പ് ഒന്നിച്ച സരൈനോടു(മലയാളത്തില്‍ യോദ്ധാവ്)വിലെ സംഗീതം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്.
കന്നഡ ഇന്‍സ്ട്രിയിലെ മുന്‍നിര സംഗീതസംവിധായകനാണ് അജനേഷ് ലോകനാഥ്. ഷെട്ടി ഗ്യാങ്ങിന്റെ ചിത്രങ്ങളിലൂടെയാണ് അജനേഷ് ശ്രദ്ധേയനായത്. ഉലിഡവരു കണ്ടന്തേ, കിറിക് പാര്‍ട്ടി, സര്‍ക്കാരി ഹിരിയ പ്രാഥമികശാലെ എന്നീ ചിത്രങ്ങള്‍ അജനേഷിന്റെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ടവയാണ്. സാന്‍ഡല്‍വുഡിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ കാന്താരയുടെ സംഗീതവും അജനേഷിന്റേതാണ്. മംഗളവാരം എന്ന ചിത്രത്തിലൂടെ ടോളിവുഡിലും അജനേഷ് ശ്രദ്ധിക്കപ്പെട്ടു.
വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് സാം സി.എസ്. ഒടിയന്‍, കൈതി, ആര്‍.ഡി.എക്‌സ് എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് പിന്നില്‍ സാമാണ്. മൂന്ന് വ്യത്യസ്ത ഇന്‍ഡസ്ട്രിയില്‍ നിന്ന് നാല് സംഗീതസംവിധായകര്‍ പുഷ്പക്കായി ഒന്നിക്കുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. തെലുങ്കിന് പുറമെ തമിഴ, മലയാളം, കന്നഡ, ബംഗാളി, ഹിന്ദി ഭാഷകളില്‍ ഡിസംബര്‍ ആറിന് പുഷ്പ 2 തിയേറ്ററുകളിലെത്തും.
Content Highlight: Sam CS, Ajanesh Lokanath, Thaman S onboard for Pushpa 2