Entertainment
റഹ്‌മാന്‍ സാറൊക്കെ ചെയ്യുന്നതുപോലെ മെലഡി ഉണ്ടാക്കി കൊടുത്താലും പല സംവിധായകര്‍ക്കും വേണ്ടത് പല്ലുപോലും തേക്കാതെ പാടുന്ന തരത്തിലുള്ള പാട്ടുകളാണ്: സാം സി.എസ്

സൗത്ത് ഇന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് സാം സി.എസ്. 2010ല്‍ പുറത്തിറങ്ങിയ ഓര്‍ ഇരവ് എന്ന ചിത്രത്തിലൂടെയാണ് സാം സി.എസ് സിനിമയിലേക്ക് കടന്നുവന്നത്. 2019ല്‍ പുറത്തിറങ്ങിയ കൈതിയിലെ സംഗീതത്തോടെയാണ് സാം ശ്രദ്ധേയനാകുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, വിയറ്റ്‌നാമീസ്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പുഷ്പ 2വിലും സാം സംഗീതം നല്‍കിയിരുന്നു. പ്രേക്ഷകരുടെ അഭിരുചി മാറുന്ന കാലഘട്ടത്തില്‍ സംഗീതം നല്‍കുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് സാം സി.എസ്. ഒരു പാട്ട് ഹിറ്റായിക്കഴിഞ്ഞാല്‍ അതേ ട്രെന്‍ഡ് പിന്‍പറ്റി പാട്ടുകളൊരുക്കാന്‍ പലപ്പോഴും പ്രഷര്‍ വരാറുണ്ടെന്ന് സാം പറഞ്ഞു.

എ.ആര്‍ റഹ്‌മാനും ഇളയരാജയുമൊക്കെ ചെയ്തതുപോലുള്ള മെലഡികള്‍ കഷ്ടപ്പെട്ട് കമ്പോസ് ചെയ്ത് കൊണ്ടുകൊടുക്കുമെന്നും എന്നാല്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അതില്‍ താത്പര്യമുണ്ടാകില്ലെന്നും സാം സി.എസ് കൂട്ടിച്ചേര്‍ത്തു. അതെല്ലാം കളഞ്ഞിട്ട് ആളുകള്‍ പല്ലുപോലും തേക്കാതെ പാടുന്ന രീതിയിലുള്ള പാട്ടുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടുമെന്നും സാം പറയുന്നു.

അത്തരത്തിലുള്ള പാട്ടുകളാണ് ആളുകള്‍ക്ക് ഇഷ്ടമെന്ന് അവര്‍ മുന്‍കൂട്ടി തീരുമാനിക്കുകയാണെന്നും എല്ലാ പാട്ടുകളും ഒരുപോലെ ഇരിക്കുമ്പോള്‍ ആളുകള്‍ക്ക് പാട്ട് മടുക്കുമെന്നും സാം സി.എസ് കൂട്ടിച്ചേര്‍ത്തു. തന്നാലാകും വിധം നല്ല പാട്ടുകള്‍ ഒരുക്കാന്‍ ശ്രമിക്കാറുണ്ടെന്നും സാം പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സാം സി.എസ് ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോഴത്തെ രീതി എങ്ങനെയാണെന്ന് വെച്ചാല്‍, ഒരു പാട്ട് ഹിറ്റായാല്‍ അതേ രീതിയിലുള്ള പാട്ടുകളാകും പിന്നീട് ഇറങ്ങുക. അതില്‍ നിന്ന് മാറി ചിന്തിക്കണമെന്ന് ആരും നോക്കില്ല. എ.ആര്‍. റഹ്‌മാന്‍ സാറും ഇളയരാജ സാറുമൊക്കെ ചെയ്യുന്ന രീതിയില്‍ ഒരു നോര്‍മല്‍ മെലഡി കമ്പോസ് ചെയ്ത് കൊണ്ടു കൊടുത്താല്‍ അത് അവര്‍ റിജക്ട് ചെയ്യും.

രാവിലെ എഴുന്നേറ്റ് പല്ലുപോലും തേക്കാതെ നേരെ വന്ന് പാടുന്ന രീതിയിലുള്ള പാട്ടുകളോടാണ് സംവിധായകനും നിര്‍മാതാവിനുമൊക്കെ താത്പര്യം. അതുപോലുള്ള പാട്ടുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെടും. എന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഞാന്‍ ചെയ്യാന്‍ ശ്രമിക്കും. പക്ഷേ, ഒരുപോലുള്ള പാട്ടുകള്‍ അടുപ്പിച്ച് വന്നാല്‍ പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നുമെന്ന് ആരും ചിന്തിക്കുന്നില്ല,’ സാം സി.എസ് പറഞ്ഞു.

Content Highlight: Sam CS about the new trend in music industry