ഇപ്പോൾ ഗായകരെ തെരഞ്ഞെടുക്കുന്നത് സിനിമയുടെ മാർക്കറ്റിങ് നോക്കി; സംഗീത സംവിധായകൻ സാം
Entertainment
ഇപ്പോൾ ഗായകരെ തെരഞ്ഞെടുക്കുന്നത് സിനിമയുടെ മാർക്കറ്റിങ് നോക്കി; സംഗീത സംവിധായകൻ സാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd January 2024, 3:27 pm

തെന്നിന്ത്യയിൽ ശ്രദ്ധേയമായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കി വലിയ രീതിയിൽ ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് സാം.സി.എസ്‌.

ഈയിടെ മലയാളത്തിൽ ഇറങ്ങിയ ആർ. ഡി. എക്സ് എന്ന ചിത്രത്തിൽ സംഗീതം നിർവഹിച്ചത് സാം ആയിരുന്നു. സിനിമയിലെ നീല നിലവേ പാട്ട് വലിയ സ്വീകാര്യത നേടി. വിക്രം വേദ, കൈതി തുടങ്ങിയ വലിയ വിജയ ചിത്രങ്ങളിലും സംഗീതം ചെയ്തത് സാം ആയിരുന്നു.

നിലവിൽ തമിഴ് സിനിമയിലെ പാട്ടുകൾക്ക്‌ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പറയുകയാണ് സാം. ഇപ്പോൾ അധികവും പാട്ടുപാടുന്നത് സംഗീത സംവിധായകർ തന്നെയാണെന്നും ഗായകർ വളരെ കുറഞ്ഞെന്നും സാം പറയുന്നു. സിനിമയുടെ മാർക്ക്റ്റിങ് നോക്കിയാണ് സംവിധായകർ ഗായകരെ തീരുമാനിക്കുന്നതെന്നും സാം സിനിമ വികടനോട് കൂട്ടിച്ചേർത്തു.

‘2023ൽ പാട്ടുകാരുടെ കാര്യത്തിൽ തമിഴ് സിനിമയിൽ വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. ഇത് വേണമെങ്കിൽ ഒരു പരാതിയായി പരിഗണിക്കാം. ഈ വർഷം തമിഴ് സിനിമയിൽ വലിയ ഹിറ്റായ പാട്ടുകൾ നോക്കിയാൽ മനസിലാവും അധികവും പാടിയിട്ടുള്ളത് സംഗീത സംവിധായകർ തന്നെയാണ്. അനിരുദ്ധ്, സന്തോഷ്‌ നാരായണൻ അങ്ങനെ എല്ലാവരും പാടുന്നവരാണ്.

എല്ലാവരും പാട്ട് കമ്പോസ് ചെയ്യുന്നവരാണ്. ഒരു സമയത്ത് നമ്മൾ നോക്കുകയാണെങ്കിൽ എസ്‌. പി. ബി സാർ, യേശുദാസ് സാർ, മനോ സാർ അങ്ങനെ ഒരുപാട് പാട്ടുകാർ ഉണ്ടായിരുന്നു. പാട്ടുകാരുടെ മൂല്യം വളരെ വലുതാണ്.

ഇപ്പോൾ ഒരു സിനിമയുടെ സംവിധായകൻ പാട്ട് പാടിക്കുന്നത് സിനിമയുടെ മാർക്കറ്റിങും കൂടെ നോക്കിയിട്ടാണ്. പാട്ടെന്ന് പറയുന്നത് തന്നെ ഒരു മാർക്കറ്റിങാണ്. ഒരാൾ പാടിയിൽ ഇത് ഒരുപാട് പേർ കേൾക്കുമോ എന്ന് ചിന്തിച്ച് സംഗീതം ചെയ്യുന്ന പോലെയായി മാറിയിട്ടുണ്ട് ഇപ്പോൾ,’സാം പറയുന്നു.

Content Highlight: Sam C.S Talk About Changes Of Songs In Kollywood