തെന്നിന്ത്യയിൽ ശ്രദ്ധേയമായ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കി വലിയ രീതിയിൽ ശ്രദ്ധ നേടിയ സംഗീതസംവിധായകനാണ് സാം.സി.എസ്. ഈയിടെ മലയാളത്തിൽ ഇറങ്ങിയ ആർ. ഡി. എക്സ് എന്ന ചിത്രത്തിൽ സംഗീതം നിർവഹിച്ചത് സാം ആയിരുന്നു.
സിനിമയിലെ നീല നിലവേ പാട്ട് വലിയ സ്വീകാര്യത നേടി. വിക്രം വേദ, കൈതി തുടങ്ങിയ വലിയ വിജയ ചിത്രങ്ങളിലും സംഗീതം ചെയ്തത് സാം ആയിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിരവധി പേരുടെ ശബ്ദത്തിൽ ഇപ്പോൾ പാട്ടുകൾ പുറത്തിറങ്ങാറുണ്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ശബ്‌ദത്തിലടക്കം ഇത്തരത്തിൽ പാട്ടുകൾ ഇറങ്ങാറുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് സാം.
മോദിയുടെ ശബ്ദത്തിൽ പാട്ട് കേൾക്കുന്നതെല്ലാം സന്തോഷമാണെന്നും എന്നാൽ ഒരു പാട്ടെന്നത് ശബ്ദവും ശ്രുതിയും മാത്രമല്ലെന്നും അതിൽ നിറയെ ഇമോഷൻസ് ഉണ്ടെന്നും സാം പറയുന്നു. സിനിമ വികടനോട് സംസാരിക്കുകയായിരുന്നു സാം.
‘അങ്ങനെ പാട്ടുകൾ ചെയ്യുന്നതൊന്നും പ്രൊഫഷണലായ ഒരാളല്ല. പുറത്തുള്ള ആരോ ഒരു തമാശപോലെ ചെയ്യുന്നതാണ്. പക്ഷെ അതൊക്കെ സ്വീകരിക്കപ്പെടുന്നുണ്ട്. ഇപ്പോൾ എല്ലാം തമാശയാണല്ലോ. മോദിജി ഒരു പാട്ട് പാടുകയെന്ന് പറഞ്ഞാൽ, അതും നമ്മുടെ തമിഴ് പാട്ട് പാടുകയെന്ന് പറഞ്ഞാൽ അത് കേൾക്കുമ്പോൾ നല്ലതായി തന്നെ തോന്നും.
എന്റർടൈൻമെന്റ് എന്ന നിലയിൽ അതിനെ ജോളിയായി ചിരിച്ച് വിടണം. കാരണം ഒരു പാട്ടെന്ന് പറയുന്നത് ഒരിക്കലും ശ്രുതിയും ശബ്‌ദവും മാത്രമുള്ള ഒന്നല്ല.
അതിൽ ഒരുപാട് ഇമോഷൻസുണ്ട്. ഒരു മ്യൂസിക് കമ്പോസറുടെ ഒരുപാട് ഫീലിങ്സുണ്ട്. ഒരു സിനിമയുടെ കഥ, കഥാപാത്രം, സംവിധായകന്റെ ഐഡിയ ഇതെല്ലാം ചേർന്നതാണ് ഒരു പാട്ട്. അങ്ങനെയാണ് ഒരു പാട്ട് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഒരു സോഫ്റ്റ് വെയറിലൂടെ അത് വർക്ക് ആവുമെന്ന് എനിക്ക് തോന്നുന്നില്ല,’സാം പറയുന്നു.
Content Highlight: Sam C.S Talk About AI songs