| Wednesday, 1st February 2023, 5:38 pm

ധോണി പോലും മാറി നില്‍ക്കുന്ന വിക്കറ്റ് കീപ്പിങ്; ബാറ്റര്‍ പോലുമറിയാതെ റണ്‍ ഔട്ട്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എല്‍.ടി-20 ലീഗില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ്. ഐ.എല്‍.ടി-20യിലെ ഡെസേര്‍ട്ട് വൈപ്പേഴ്‌സ് – ഷാര്‍ജ വാരിയേഴ്‌സ് മത്സരത്തിലായിരുന്നു എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ താരത്തിന്റെ തകര്‍പ്പന്‍ റണ്‍ ഔട്ട് പിറന്നത്.

വാരിയേഴ്‌സ് താരം ജോ ഡെന്‍ലിയെയാണ് ബില്ലിങ്‌സ് പുറത്താക്കിയത്. ബെന്നി ഹൗവല്‍ എറിഞ്ഞ ഡെലിവറിയില്‍ ഡിഫന്‍സീവ് ഷോട്ട് കളിച്ച ശേഷം സിംഗിള്‍ നേടാനായിരുന്നു ഡെന്‍ലി ശ്രമിച്ചത്. ഇതിനായി ക്രീസ് വിട്ട് പുറത്തിറങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ വളരെ പെട്ടെന്ന് തന്നെ പന്ത് കൈപ്പിടിയിലൊതുക്കിയ ബില്ലിങ്‌സ് വിക്കറ്റിലേക്ക് നോക്കുക പോലും ചെയ്യാതെ ത്രോ ചെയ്യുകയായിരുന്നു. ക്രീസിന് വെളിയില്‍ നിന്നിരുന്ന ഡെന്‍ലിക്ക് എന്തെങ്കിലും ചിന്തിക്കാന്‍ പോലും സാധിക്കുന്നതിന് മുമ്പ് തന്നെ ബില്ലിങ്‌സിന്റെ ത്രോ വിക്കറ്റ് വീഴ്ത്തുകയായിരുന്നു.

ഇതിന് പിന്നാലെ അഭിനന്ദനങ്ങളുടെ പെരുമഴയാണ് ബില്ലിങ്‌സിന് ലഭിക്കുന്നത്. പലരും ധോണിയുടെ പ്രസന്‍സ് ഓഫ് മൈന്‍ഡിനോട് ബില്ലിങ്‌സിന്റെ ഈ പ്രകടനത്തെ ഉപമിക്കുമ്പോള്‍ ധോണിയേക്കാള്‍ മികച്ചതാക്കി എന്നാണ് മറ്റ് പലരുടെയും അഭിപ്രായം.

സംഭവത്തിന്റെ വീഡിയോ വൈറലാവുന്നുണ്ട്.

ഇത് സ്റ്റംപിങ്ങാണോ റണ്‍ ഔട്ടാണോ എന്ന കാര്യത്തില്‍ കമന്റേറ്റര്‍ക്ക് പോലും സംശയമുണ്ടായിരുന്നു. എന്നാല്‍ ഡെന്‍ലി സിംഗിള്‍ നേടാനുള്ള ശ്രമത്തിനിടെയാണ് പുറത്തായതെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിധിയെഴുതിയതോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ ഔട്ടുകളിലൊന്ന് കുറിക്കപ്പെട്ടു.

അതേസമയം, മത്സരത്തില്‍ 22 റണ്‍സിന് വൈപ്പേഴ്‌സ് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വൈപ്പേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.

ഏഴാമനായി കളത്തിലിറങ്ങിയ മികച്ച പ്രകടനം കാഴ്ചവെച്ച ബെന്നി ഡൗവലാണ് വൈപ്പേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 23 പന്തില്‍ നിന്നും 34 റണ്‍സാണ് ഡൗവലിന്റെ സമ്പാദ്യം. ഇതിന് പുറമെ ഓപ്പണര്‍ രോഹന്‍ മുസ്തഫയും സാം ബില്ലിങ്‌സും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

വാരിയേഴ്‌സിനായി മുഹമ്മദ് ജാവേദ് ഉള്ളായും മൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

149 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വാരിയേഴ്‌സിന്റെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ അവസാനിച്ചു.

നാല് ഓവര്‍ വീതമെറിഞ്ഞ് 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയും 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലൂക് വുഡുമാണ് വൈപ്പേഴ്‌സിന്റെ വിജയം അനായാസമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും വൈപ്പേഴ്‌സിനായി. എട്ട് മത്സരത്തില്‍ നിന്നും ആറ് വിജയവുമായി 12 പോയിന്റാണ് ടീമിനുള്ളത്. ഫെബ്രുവരി രണ്ടിന് ദുബായി ക്യാപ്പിറ്റല്‍സിനെതിരെയാണ് വൈപ്പേഴ്‌സിന്റെ അടുത്ത മത്സരം.

Content highlight: Sam Billing’s incredible wicket keeping

We use cookies to give you the best possible experience. Learn more