വയനാടിന് വേണ്ടി ചേട്ടന്റെ വെടിക്കെട്ട് കഴിഞ്ഞു, ഇനി രാജസ്ഥാന് വേണ്ടി അനിയന്റെ ഊഴം; ഇത് സാംസണ്‍ ബ്രദേഴ്‌സിന്റെ ദിവസമാകട്ടെ
IPL
വയനാടിന് വേണ്ടി ചേട്ടന്റെ വെടിക്കെട്ട് കഴിഞ്ഞു, ഇനി രാജസ്ഥാന് വേണ്ടി അനിയന്റെ ഊഴം; ഇത് സാംസണ്‍ ബ്രദേഴ്‌സിന്റെ ദിവസമാകട്ടെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 5:44 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ സെക്കന്‍ഡ് ഹോം സ്‌റ്റേഡിയമായ ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. പഞ്ചാബ് കിങ്‌സിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്.

മത്സരത്തില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് കാണാന്‍ വേണ്ടി തന്നെയാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ അര്‍ധ സെഞ്ച്വറി തികച്ച സഞ്ജു പഞ്ചാബിനെതിരെ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സഞ്ജു സാംസണ് മത്സരത്തിന് മുമ്പേ ആത്മവിശ്വാസം നല്‍കുന്നത് സ്വന്തം ജ്യേഷ്ഠന്‍ സാലി സാംസണിന്റെ പ്രകടനമാണ്. ഡി.സി.എ വയനാടും ഡി.സി.എ പത്തനംതിട്ടയും തമ്മിലുള്ള മത്സരത്തിലാണ് സാലി സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയിരുന്നു. 130 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ വയനാടിന്റെ ഇന്നിങ്‌സിന്റെ നെടുംതൂണായത് സാലി സാംസണായിരുന്നു.

പത്ത് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ഓപ്പണറായ അനിരുദ്ധ് പ്രദീപും രണ്ട് പന്ത് നേരിട്ട് ഗിരീഷ് ഇ.കെ പൂജ്യത്തിനും പുറത്തായപ്പോള്‍ വയനാട് പരുങ്ങിയിരുന്നു. എന്നാല്‍ വണ്‍ ഡൗണായെത്തിയ സാലി സാംസണ്‍ കളി തിരിച്ചു.

28 പന്തില്‍ നിന്നും ഒരു ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം നേടിയത്. വയനാടിനായി ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് വീശിയതും സാലിയായിരുന്നു.

സാലി സാംസണ് പുറമെ സച്ചിന്‍ എം.എസും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പത്തനംതിട്ട ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിര്‍ത്തിക്കൊണ്ട് വയനാട് മറികടക്കുകയായിരുന്നു.

സാലിയുടെ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവും മികച്ച ഇന്നിങ്‌സ് പുറത്തെടുക്കണമെന്നും ഈ ബുധനാഴ്ച സാംസണ്‍ ബ്രദേഴ്‌സിന്റെയാകണമെന്നുമാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

 

മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവിന് അത് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

സണ്‍റൈസേഴ്‌സിനെതാരയ എവേ മത്സരത്തില്‍ 55 റണ്‍സ് നേടി ടീമിന്റെ ടോപ് സ്‌കോററായാണ് സഞ്ജു പുറത്തായത്. സഞ്ജുവിന് പുറമെ ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മൂവരുടെയും ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ ചഹലും ബോള്‍ട്ടും അടങ്ങുന്ന ബൗളര്‍മാര്‍ എറിഞ്ഞിട്ടപ്പോള്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 131ന് പോരാട്ടം അവസാനിപ്പിച്ചു.

 

 

Content highlight:  Saly Samson’s incredible innings against Pathanamthitta