Salute Review | ഇരട്ട പ്ലോട്ടുമായി ഒരു 'സ്‌ലോ' ത്രില്ലര്‍
Film Review
Salute Review | ഇരട്ട പ്ലോട്ടുമായി ഒരു 'സ്‌ലോ' ത്രില്ലര്‍
അന്ന കീർത്തി ജോർജ്
Tuesday, 22nd March 2022, 10:56 am

ചില സിനിമകള്‍ കാണുന്ന സമയത്ത് അതിന്റെ വണ്‍ ലൈനോ ബേസിക് സ്റ്റോറി ലൈനോ മെച്ചപ്പെട്ടതായിരുന്നെന്നും എന്നാല്‍ സിനിമയായി വന്നപ്പോള്‍ വല്ലാതെ പാളിപ്പോയതാണെന്നും തോന്നാറുണ്ട്. അത്തരമൊരു അനുഭവമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സല്യൂട്ട് സമ്മാനിച്ചത്.

വലിയ ബഹളങ്ങളൊന്നുമില്ലാതെ ത്രില്ലടിപ്പിക്കുന്ന സ്ലോ പേസ്, ആ ത്രില്ലര്‍ പറയാന്‍ തെരഞ്ഞെടുത്ത പ്ലോട്ട് തുടങ്ങിയവയെല്ലാം ഇന്‍ട്രസ്റ്റിങ്ങായിരുന്നെങ്കിലും സംവിധാനത്തിലും തിരക്കഥയിലും വന്ന പാളിച്ചകള്‍ ആ സിനിമ കാണല്‍ ബുദ്ധിമുട്ടിലാക്കുന്നതാണ്.


പൊലീസ് സംവിധാനത്തിനകത്ത് നിന്നുകൊണ്ട് ഒരു കൊലപാതകിയെ അന്വേഷിക്കുന്ന കഥയാണ് സല്യൂട്ട് പറയുന്നത്. ചിത്രത്തില്‍ രണ്ട് പ്ലോട്ടുകളുണ്ടെന്നാണ് തോന്നിയത്. അതായത് ഒരു കൊലപാതകിയെ ഒരു പൊലീസുകാരന്‍ അന്വേഷിക്കുന്നതും, ഒരു പൊലീസിനെ എങ്ങനെയാണ് പൊലീസ് സംവിധാനം തടയാന്‍ നോക്കുന്നത് എന്നും.

കഥയുടെ ആദ്യ പകുതി കുറച്ചൊക്കെ പ്ലോട്ട് ഇന്‍ട്രൊഡക്ഷനിലേക്ക് കടന്ന ശേഷം പിന്നീടാണ് ഈ രണ്ട് പ്ലോട്ടും കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യപ്പെടുന്നത്. കൊലപാതകിയെ അന്വേഷിക്കുന്ന പ്ലോട്ടിനാണ് സിനിമ അവസാനത്തോടെ പ്രാധാന്യം നല്‍കുന്നതെങ്കിലും, കുറച്ചുകൂടി റിസര്‍ച്ച് ചെയ്തും പഠിച്ചും സൂക്ഷ്മമായും തയ്യാറാക്കിയതായി തോന്നിയത് പക്ഷെ നേരത്തെ പറഞ്ഞ പൊലീസ് സംവിധാനത്തിനുള്ളിലെ കളികളും രീതികളുമാണ്.

പൊലീസിന്റെ അധികാരങ്ങളും പരിമിതികളും, അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ എങ്ങനെയാണ് പൊലീസിന്റെ പവര്‍ വര്‍ക്ക് ചെയ്യുന്നത്, വിവിധ വകുപ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്ന രീതി – തുടങ്ങിയവയെല്ലാം സിനിമയില്‍ വ്യക്തമായി കടന്നുവരുന്നുണ്ട്. അതെല്ലാം അവതരിപ്പിച്ചിരിക്കുന്ന രീതിക്ക് ഒരു പുതുമയുണ്ടായിരുന്നു. മാത്രമല്ല, തിരക്കഥയും സംവിധാനവും മികച്ചതായി തോന്നിയ ഭാഗങ്ങളും ഇതു തന്നെയാണ്.

എന്നാല്‍ കൊലപാതകിയെ അന്വേഷിച്ച് നടക്കുന്നത് കണ്ടപ്പോള്‍, ഇടക്കൊക്കെ എന്‍ഗേജിങ്ങാരുന്നെങ്കിലും പല സ്ഥലത്തും അത്ര ത്രില്ലുള്ള അനുഭവമായിരുന്നില്ല.

സത്യത്തില്‍ സല്യൂട്ട് കാണുമ്പോള്‍ കുറുപ്പ് ഓര്‍മ വന്നിരുന്നു. ദുല്‍ഖറിന്റെ തന്നെ കുറുപ്പിനെ, സല്യൂട്ടിലെ ദുല്‍ഖര്‍ അന്വേഷിച്ച് നടക്കുന്ന ഒരു പ്രതീതി തോന്നിയിരുന്നു. സിനിമ കാണുന്ന സമയത്ത് രണ്ടാം ഭാഗം കുറച്ചൊക്കെ കണ്ടിരിക്കാന്‍ പറ്റിയെങ്കിലും, ഒരു സി.സി.ടി.വി ക്യാമറ പോലും പരിശോധിക്കാന്‍ പറ്റില്ലായിരുന്നോ സാറേ, എന്ന് തുടങ്ങിയ ചില ചോദ്യങ്ങളൊക്കെ മനസില്‍ വന്നിരുന്നു. പടം കണ്ടവര്‍ക്ക് ഇത് മനസിലായി കാണും.

പൊലീസിന്റെ അട്രോസിറ്റികളും തെറ്റായ രീതികളുമെല്ലാം സിനിമയില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും, പൊലീസ് പക്ഷത്ത് നിന്നുകൊണ്ട് തന്നെ കഥ പറയുന്ന ചിത്രമായാണ് സല്യൂട്ട് അനുഭവപ്പെട്ടത്.

രാഷ്ട്രീയക്കാരുടെയും തെരഞ്ഞെടുപ്പിന്റെയും സമ്മര്‍ദ്ദം മൂലം നിരപരാധികളെ പിടിച്ച് കുറ്റവാളികളാക്കേണ്ടി വരുന്ന പൊലീസ്, എന്ന ആംഗിളിലാണ് സിനിമയുടെ ഒരുപാട് ഭാഗങ്ങളുടെ ചിത്രീകരണം. യാഥാര്‍ത്ഥ്യവുമായി കുറെ സാമ്യങ്ങളുണ്ടെങ്കിലും, പൊലീസിന്റെ പ്രവര്‍ത്തികളെ മുഴുവന്‍ ആ രീതിയില്‍ അവതരിപ്പിക്കുന്നതിനോട് വ്യക്തിപരമായി അത്ര യോജിപ്പ് തോന്നിയില്ല.

വനിതാ കമ്മീഷനെ ചിത്രീകരിച്ചിരിക്കുന്ന രീതിയും വളരെ പിന്തിരിപ്പനായിരുന്നു. ഒരൊറ്റ ഭാഗത്ത് മാത്രമേ വരുന്നുള്ളൂ എങ്കില്‍ പോലും കാര്യം മനസിലാക്കാതെ എടുത്തു ചാടുന്നവരെന്ന, കാലങ്ങളായി കാണിക്കുന്ന വാര്‍പ്പുമാതൃകയില്‍ തന്നെയാണ് വനിതാ കമ്മീഷന്റെ രംഗം കാണിച്ചിരിക്കുന്നത്.

തരക്കേടില്ലാത്ത ഒരു കഥയുണ്ടായിട്ടും ബലമില്ലാത്ത തിരക്കഥയും സംവിധാനവുമാണ് സല്യൂട്ടിനെ പിറകോട്ടടിപ്പിക്കുന്നത്. നാടകീയമായ ഡയലോഗുകളും ഒട്ടും സ്വാഭാവികത തോന്നാത്ത പല കഥാസന്ദര്‍ഭങ്ങളും അഭിനയമൂഹൂര്‍ത്തങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ.

ദുല്‍ഖറിന്റെ ആദ്യ ഫൈറ്റ് സീന്‍ മുതല്‍ സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗില്‍ വരെ ഈ ഏച്ചുകൂട്ടിയ അവസ്ഥ എടുത്തുകാണിക്കുന്നുണ്ട്. ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ സാധാരണയായി കാണുന്ന ഒരു മുറുക്കം ഈ സിനിമയില്‍ നഷ്ടപ്പെട്ടതായി തന്നെയാണ് തോന്നിയത്.

അതേസമയം ദുല്‍ഖര്‍ അരവിന്ദ് കരുണാകരനായി തന്റെ ഭാഗം വലിയ തരക്കേടില്ലാതെ അവതരിപ്പിക്കുന്നുണ്ട്. കുറച്ച് നാളുകള്‍ക്ക് ശേഷം മനോജ് കെ. ജയനെ പ്രാധാന്യമുള്ള വേഷത്തില്‍ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും സല്യൂട്ട് കണ്ടപ്പോള്‍ തോന്നി. തന്റെ ഭാഗം അദ്ദേഹം നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

അലന്‍സിയറും ബിനു പപ്പുവും മുരളി എന്ന ക്യാരക്ടര്‍ ചെയ്ത നടനും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്. ഡയാന പെന്റി എന്ന ബോളിവുഡ് താരമാണ് ദുല്‍ഖറിന്റെ നായികയായി എത്തിയിരിക്കുന്നത്. കുറുപ്പിലെ ശോഭിതയുടെ കഥാപാത്രത്തെപ്പോലെ ദുല്‍ഖറിന്റെ പെയര്‍ എന്നതിനപ്പുറത്തേക്ക് ഡയാനക്കും കാര്യമായൊന്നും ഈ സിനിമയില്‍ ചെയ്യാനില്ല.

ഡയാന പെന്റി

ഈ രീതിയില്‍ അഭിനേതാക്കളുടെ പ്രകടനം വലിയ പ്രശ്നങ്ങളില്ലെങ്കിലും ഡയലോഗിലെയും സന്ദര്‍ഭങ്ങളിലെയും നാടകീയതയും ഡബ്ബിങ്ങില്‍ വന്ന പിഴവുകളും വെല്ലുവിളിയാകുന്നുണ്ട്.

പിന്നെ, സൗണ്ട് മിക്സിലും ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ കടന്നുവരുന്ന രീതിയിലും (അത് സോണി ലിവിന്റെ പ്രശ്നമാണോ സിനിമയുടെ പ്രശ്നമാണോയെന്ന് അറിയില്ല) സിനിമ കാണുമ്പോള്‍ എന്തൊക്കയോ പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സിനിമ കാണുക എന്നത് അത്ര സുഖമുള്ള പരിപാടിയായിരുന്നില്ല.

ചിത്രത്തിന്റെ ക്യാമറ വര്‍ക്ക് ഒരു ഡാര്‍ക്ക് മോഡ് ത്രില്ലറിന്റെ ഫീല്‍ നല്‍കുന്നതായിരുന്നു. അസ്‌ലം കെ. പുരയിലിന്റെ ക്യാമറയാണ് സിനിമ കണ്ടിരിക്കാന്‍ പ്രേരിപ്പിച്ച ഒരു ഘടകം.

മൊത്തത്തില്‍ പറഞ്ഞാല്‍ മികച്ച ഒരു ത്രില്ലറാകാന്‍ സാധ്യതയുണ്ടായിരുന്ന ഒരു പ്ലോട്ടും ട്രീറ്റ്മെന്റ് രീതിയും, ശ്രദ്ധയില്ലാത്ത തിരക്കഥയും സംവിധാനവും കാരണം നഷ്ടപ്പെട്ടുവെന്നാണ് സല്യൂട്ടിനെ കുറിച്ച് പറയാനുള്ളത്.


Content Highlight: Salute movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.