| Friday, 6th April 2018, 8:12 am

സല്‍മാന്റെ തടവ് ശിക്ഷ; 650 കോടിയോളം രൂപയുടെ പദ്ധതികള്‍ അനിശ്ചിതത്വത്തില്‍; ആശങ്കയോടെ സിനിമാലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സല്‍മാന്‍ഖാന്‍ ജയിലിലാകുന്നതോടെ ബോളിവുഡ് ആകെ ആശങ്കയിലായിരിക്കുകയാണ്. 650 കോടിയോളം രൂപയുടെ നഷ്ടമാണ് സല്‍മാന്റെ അറസ്റ്റോടെ ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍.

അണിയറയില്‍ മൂന്ന് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സല്‍മാന്റേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. റേസ്-3, ദബാംഗ്-3, കിക്ക്- 2 എന്നീ ചിത്രങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സല്‍മാനെ അല്ലാതെ മറ്റ് താരങ്ങളെ വെച്ച് ഒരുക്കാന്‍ കഴിയാത്തതുമാണ്.

ഇതില്‍ കിക്കിന്റെയും, ദബാംഗിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടില്ല. റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന “റേസ്-3” ജൂണില്‍ ഈദ് റിലീസ് ആയി പുറത്തിറങ്ങേണ്ട ചിത്രമാണിത്. അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കുന്ന ചിത്രത്തിന്റെ നിര്‍മാണപ്രവൃത്തി സല്‍മാന്‍ ജയിലിലായതോടെ മുടങ്ങും.


Related  സല്‍മാന്‍ ഖാന്‍ പോകേണ്ടത് ആശാറം ബാപ്പുവും ശംഭുലാല്‍ റൈഗറും കിടക്കുന്ന ജയിലിലേക്ക്


കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷതടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി വിധിച്ച ശിക്ഷ. സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു.

കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാന്‍, നടി തബു, സൊനാലി, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കൂട്ടുപ്രതികളെ വെറുതെ വിട്ടത്.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.


Also Read ‘അവാര്‍ഡ് സിനിമയാണെന്ന ലേബലില്‍ കാണാതെ പോവരുത്’; ഇന്ദ്രന്‍സിന്റെ ആളൊരുക്കം നാളെ തീയേറ്ററുകളില്‍


നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ഖാനെ 2015 ല്‍ വെറുതെവിട്ടുരുന്നു. നരഹത്യക്കേസില്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് അന്ന് ജസ്റ്റിസ് എ.ആര്‍. ജോഷി റദ്ദാക്കിയിരുന്നത്. ആ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 DoolNews Video

We use cookies to give you the best possible experience. Learn more